ആലുവ: ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഏജന്റിൽ നിന്ന് 7,000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായ ആലുവ സബ് ആർ.ടി.ഓഫീസിലെ എം.വി.ഐ എ.എ. താഹിറുദ്ദീനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എറണാകുളം ആർ.ടി.ഒ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജ് ചകിലം ഇന്നലെയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
കഴിഞ്ഞ 28ന് വൈകിട്ട് ആലുവ ബാങ്ക് കവലയ്‌ക്ക് സമീപം ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരുടെ ഇടനിലക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ താഹിറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഓഫീസിലെ ഹാജർ പുസ്തകം, സ്വകാര്യ പണം രേഖപ്പെടുത്തുന്ന രജിസ്റ്റർ എന്നിവ ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ നിന്ന് താഹിറുദ്ദീൻ അന്നേ ദിവസം ഡ്യൂട്ടിയിൽ ഹാജരാണെന്നും സ്വകാര്യ പണം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ് 1960ലെ കേരള സിവിൽ സർവീസസ് ചട്ടം 10 പ്രകാരം സസ്പെൻഡ് ചെയ്തത്.