
കൊച്ചി: വൈകിയതിനുള്ള ഫീസോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വ്യക്തിഗത വരുമാന നികുതി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി ജനുവരി 15 വരെ നീട്ടി. നിലവിൽ റിട്ടേൺ സമർപ്പിച്ചവർക്ക് തിരുത്തോടെ പുതിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതിയും ഡിസംബർ 31ൽ നിന്ന് ജനുവരി 15ലേക്ക് നീട്ടി. അസസ്‌മെന്റ് ഇയർ കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ഒരാൾക്ക് അയാളുടെ റിട്ടേൺ ഫയൽ ചെയ്തതിൽ ഏതെങ്കിലും വരുമാനം വിട്ടുപോയാലോ തെറ്റായി രേഖപ്പെടുത്തിയാലോ തിരുത്തി ഫയൽ ചെയ്യാനാകും. റിട്ടേൺ ഫയൽ ചെയ്യുന്നത് വിട്ടുപോയാൽ വകുപ്പ് 139 (8 എ) പ്രകാരം പുതുക്കിയ റിട്ടേൺ സമർപ്പിക്കാം.
ഇങ്ങനെ ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകൾക്ക് നഷ്ടം കാണിക്കാൻ വേണ്ടിയുള്ളതാവരുതെന്നും ഫയൽ ചെയ്‌ത റിട്ടേണിലേക്കാൾ വരുമാനം കുറച്ച് കാണിക്കരുതെന്നും റീഫണ്ടിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെടരുതെന്നും അടക്കമുള്ള നിബന്ധനകൾ ബാധകമാണ്.