പറവൂർ: ജ്യോതിഷ - താന്ത്രികാചാര്യനായിരുന്ന പറവൂർ ശ്രീധരൻ തന്ത്രിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പറവൂർ ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ഒരുവർഷം നീളുന്ന 'ശ്രീധര ശതവർഷം" ആഘോഷങ്ങൾ ജനുവരി എട്ടിന് തുടങ്ങും. വൈകിട്ട് മൂന്നിന് പറവൂർ സണ്ണി കൺവെൻഷൻ സെന്ററിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠം ചെയർമാൻ പറവൂർ രാകേഷ് തന്ത്രി, വിദ്യാപീഠം പ്രസിഡന്റ് പി. പ്രേംജിത്ത് ശർമ്മ എന്നിവർ സംസാരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ആത്മീയ, തന്ത്ര -ജ്യോതിഷ സദസുകൾ, വൈദ്യ, ശില്പ, ആയുർവേദ സെമിനാറുകൾ, സന്യാസി സദസുകൾ എന്നിവ നടക്കും.