padam

കൊച്ചി: അച്ഛനെ പോലെ ഒളിമ്പ്യനാകണം. സെൻട്രൽ സ്‌കൂൾ കായികമേളയിലെ ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി അണ്ടർ 14 വിഭാഗം വ്യക്തിഗത ചാമ്പ്യനായ മരിയ മനോജ് ലാലിന് നേട്ടങ്ങളെല്ലാം സ്വപ്‌നയാത്രയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. സ്‌കൂൾ മീറ്റിൽ 400 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിലാണ് ആലപ്പുഴ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സ്വർണത്തിൽ മുത്തമിട്ടത്. 400 മീറ്റർ 1.04 സെക്കൻഡിലും 200 മീറ്റർ 28.44 സെക്കൻഡിലും ലക്ഷ്യംതൊട്ടു.

ലോംഗ്ജമ്പിലാണ് വെള്ളി നേടിയത്. കീഴടക്കിയത് 4.25 മീറ്റർ. 2000 സിഡ്‌നി ഒളിമ്പിക്‌സിൽ ഇന്ത്യയുടെ 4-400 റിലേ ടീമിനെ പ്രതിനിധീകരിച്ച ചേർത്തല ചാരമംഗലം കുന്നത്തുവെളി വീട്ടിൽ മനോജ് ലാലിന്റെയും തുടർച്ചായി നാലു വർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മീറ്റിൽ 5 കി.മീ നടത്തത്തിൽ ചാമ്പ്യനായ ജെൻസി ജോയിയുടെയും മകളാണ് മരിയ. അച്ഛനെ കായികരംഗത്തേയ്ക്ക് കൈപിടിച്ച് നടത്തിയ കായികപരിശീലകൻ കെ.കെ. പ്രതാപന്റെ കീഴിലാണ് മരിയയുടെയും തുടക്കം.

അടുത്തിടെ ക്യാൻസർ ബാധിച്ച് അദ്ദേഹം വിടവാങ്ങി. പ്രതാപന്റെ മകൾ പ്രവീണയുടെ കീഴിലാണ് സ്‌കൂൾ മീറ്റിനുള്ള ഒരുക്കങ്ങൾ നടത്തിയത്. തന്റെ മെഡൽ നേട്ടം കെ.കെ. പ്രതാപനുള്ള സ്‌നേഹാഞ്ജലിയാണെന്ന് മരിയ പറഞ്ഞു. റെയിൽവേയിൽ ട്രെയിൻ ടിക്കറ്റ് എക്‌സാമിനറാണ് മനോജും ട്രഷറി ഉദ്യോഗസ്ഥയായ ജെൻസിയും മകളെ പ്രോത്സാഹിപ്പിക്കാനെത്തിയിരുന്നു.