അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി സഹകരണ വകപ്പ്. വായ്പ എടുത്തിട്ടുള്ളവരിൽനിന്ന് പണം തിരിച്ചുപിടിക്കാനുള്ള നടപടി ഊർജ്ജിതമാക്കി. വായ്പയെടുത്തിട്ടുള്ള ഇരുപതോളം വ്യവസായികളുടെ വസ്തുവകകൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. വായ്പാതുകകൾ പരമാവധി സമാഹരിച്ച് നിക്ഷേപർക്ക് വിതരണം ചെയ്യാനാണ് ശ്രമം.
തട്ടിപ്പ് കാലയളവുകളിൽ സംഘത്തിന്റെ ഭരണസമിതി അംഗങ്ങളായിരുന്നവർക്കും ജീവനക്കാർക്കുമായി 121 കോടിയോളം രൂപ സഹകരണവകുപ്പ് പിഴചുമത്താൻ തിരുമാനിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിശദീകരണം കേട്ടശേഷമായിരിക്കും നടപടി. വിശദീകരണത്തിന് ജനുവരി 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുർവിനിയോഗം ചെയ്തതിനും വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പകൊടുത്തതിലും വാല്യുവേഷൻ കൂടുതൽ കാണിച്ചതിലും കണ്ടെത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുമാണ് ഓരോ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും പിഴ ചുമത്തിയിരിക്കുന്നത്. ഇതുവരെ അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലാക്കി. രണ്ട് ജീവനക്കാർ സസ്‌പെൻഷനിലാണ്. 96 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് സംഘത്തിൽ നടന്നിട്ടുള്ളത്. 126 കോടിയാണ് വായ്പ കൊടുത്തിരിക്കുന്നത്.