
കൊച്ചി: 2025 മാർച്ച് ഒന്നിന് ഡി.ബി.എസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വർമ്മ ചുമതലയേൽക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നതോടെയാണ് ഡി.ബി.എസ് ബാങ്കിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വർമ്മ സി.ഇ.ഒ ആയി ചുമതലയേൽക്കുക. ഇതോടെ ഡി.ബി.എസ് ഗ്രൂപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും വർമ അംഗമാകും. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 350 നഗരങ്ങളിൽ ഡി.ബി.എസ് ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ ഫോർബ്‌സിന്റെ പട്ടികയിൽ 2020-2022 കാലയളവിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഡി.ബി.എസ് ബാങ്ക് ഇടംപിടിച്ചിട്ടുണ്ട്.
രജത് വർമ്മയ്ക്ക് ബാങ്കിംഗ് രംഗത്ത് 27 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. 2023 ജൂണിലാണ് ഡി.ബി.എസിൽ ഐബിജി മേധാവിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2024ൽ ഗ്ലോബൽ ഫിനാൻസ് ഇന്ത്യയിലെ സുസ്ഥിര ധനകാര്യത്തിനുള്ള ഏറ്റവും മികച്ച ബാങ്കായി ഡി.ബി.എസിനെ തിരഞ്ഞെടുത്തു. ബാങ്കിംഗ് വിദഗ്ദനായ രജത് ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് കൂടുതൽ ഉറപ്പിച്ചെന്നും വരും വർഷങ്ങളിലും ഇന്ത്യയുടെ വളർച്ചയിൽ ഒപ്പം നിൽക്കാൻ ഡിബിഎസ് ബാങ്ക് ഉണ്ടാകുമെന്നും ഡിബിഎസ് സിഇഒ പിയൂഷ് ഗുപ്ത പറഞ്ഞു.