
കൊല്ലം: മുൻകാല സമ്മേളനങ്ങളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിനും കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കുമെതിരെ കടുത്ത വിമർശനമാണ് സി.പി.എം ജില്ലാ സമ്മേളത്തിൽ ഉയർന്നത്.ഇത് മറ്റ് ജില്ലാ സമ്മേളനങ്ങളിലേക്കും പടരാം.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയം സൃഷ്ടിച്ച ആഘാതമാണ് നേതൃത്വത്തോടുള്ള ഭയം മറന്ന് തുറന്ന വിമർശനത്തിന് പ്രതിനിധികളെ പ്രേരിപ്പിച്ചത്.
മുഖ്യമന്ത്രി മൈക്ക് പിടിച്ച് വളച്ചതും അവതാരകയെ ആക്ഷേപിച്ചതും പാർട്ടി സെക്രട്ടറി മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതും ജനങ്ങളിൽ വെറുപ്പ് സൃഷ്ടിച്ചെന്ന് പ്രതിനിധികൾ പറഞ്ഞു. വിവാദങ്ങളുണ്ടാകുമ്പോൾ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണാത്തത് ചോദ്യം ചെയ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കയറുന്ന സി.പി.എം സംസ്ഥാന നേതാക്കളെ കുട്ടികൾ ഭയത്തോടെയാണ് കാണുന്നത്. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി. ജയരാജനെതിരായ നടപടി എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതിൽ ഒതുക്കരുതെന്ന ആവശ്യം ഉയർന്നു. ഈനാംപേച്ചി, മരപ്പട്ടി അടക്കമുള്ള വിവാദ പരാമർശങ്ങളിൽ എ.കെ. ബാലനും വിമർശിക്കപ്പെട്ടു.
നിലവിലെ മന്ത്രമാരിൽ ഭൂരിഭാഗവും കഴിവു കെട്ടവരാണെന്ന സൂചനയും, പരിചയ സമ്പത്തുള്ളവരെ മന്ത്രിമാരാക്കണമെന്ന ആവശ്യവും ഉയർന്നു. പിണറായി പാർട്ടിയിൽ പിടിമുറുക്കിയതോടെ വിഭാഗീതയതയ്ക്ക് ചാപ്പ കുത്തുമെന്ന ഭയമാണ് സമ്മേളനത്തിൽ തകർന്നത്. എന്നാൽ ,തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൃത്യമായ മറുപടി നൽകിയതും , വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തുമെന്ന ഉറപ്പും അപ്രതീക്ഷിതമായിരുന്നു.
വിഭാഗീയതയ്ക്ക് താക്കീത്
ഇനിയുള്ള ജില്ലാ സമ്മേളനങ്ങളിൽ വിഭാഗീയതയ്ക്കെെതിരെ സംസ്ഥാന നേതൃത്വത്തിന്റെ കടും വെട്ട് പ്രതീക്ഷിക്കാം. വിഭാഗീയത അതിരൂക്ഷമായ കരുനാഗപ്പള്ളിയിൽ നിന്നുള്ള നാല് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കിയത് മുന്നറിയിപ്പാണ്. പാർട്ടി അച്ചടക്കം ലംഘിച്ചാൽ പിരിച്ചുവിടാനും ഒഴിവാക്കാനും മടക്കില്ലെന്ന കൊല്ലം മോഡൽ ഇടപെടൽ ഗുണം ചെയ്യുമോയെന്നാണ് സംസ്ഥാന നേതൃത്വം ഉറ്റുനോക്കുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്ക് പുറമേ എസ്.എഫ്.ഐ നേതാവിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ഏരിയാ സെക്രട്ടറിമാരെ പരിഗണിക്കാതെ ജില്ലാ കമ്മിറ്റിയിൽ രണ്ട് വനിതകൾക്കും ഇടം നൽകി. പുതുമുഖങ്ങൾക്ക് അവസരം നൽകാൻ 75 തികയാത്ത രണ്ട് പേരെയും ഒഴിവാക്കി.