zakir

തിരുവനന്തപുരം: തബലയിൽ കൈവിരലുകൾ ഉയർന്നു താഴുമ്പോൾ പാറിപ്പറന്നു നൃത്തം ചെയ്യുന്ന തലമുടിച്ചുരുളുകൾ. മുഖത്ത് ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കത.. സാക്കിർ ഹുസൈന്റെ കച്ചേരി കണ്ടാസ്വദിച്ച സംഗീതപ്രേമികൾ നയനാനന്ദകരമായ ആ കാഴ്ച ഒരിക്കലും മറക്കില്ല.തബലവാദനത്തിനിടെ ചുണ്ടുകൂർപ്പിച്ച് ഇരു കവിളുകളിലും താളമിട്ടുള്ള കുസൃതികളും... ശരിക്കും മാന്ത്രികന്റെ വിസ്മയകരമായ കലാപ്രകടനം. ലോകം അതുകേട്ട് പറഞ്ഞിട്ടുണ്ട്, 'താളം... ഇതാണ് താളമെന്ന്....

ഏതൊരു കലാകാരനുമായും സാക്കിർ ഭായിയുടെ തബലയിണങ്ങുമായിരുന്നു. അത് ശിവകുമാർ ശർമ്മയുടെ സന്തൂർ വാദനമായാലും, ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴലായാലും, അംജദ് അലിഖാന്റെ ആലാപനമായാലും, നമ്മുടെ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ചെണ്ടയായാലും ജുഗൽബന്ദി തീർക്കാൻ സാക്കിറിന് ആവേശമായിരുന്നു. ആ തബലയുടെ താളം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അനശ്വര മുഹൂർത്തങ്ങളായി കാലം എന്നെന്നും കാത്തുവയ്ക്കും. പിതാവ് അല്ലാ രഖയുടെ പ്രതിഭാവിലാസം സ്വാംശീകരിച്ച് കലയിൽ പരിപൂർണമാക്കിയ സാക്കിർ ഇന്ത്യ പണ്ഡിറ്റ് രവിശങ്കറിനു ശേഷം ലോക സംഗീതത്തിനു സമർപ്പിച്ച മഹാപ്രതിഭയായിരുന്നു.

ഗ്രാമിയുടെ വേദികളിൽ കേട്ട തബലയുടെ സൗകുമാര്യത്തിലൂടെ സാക്കിറിലേക്ക് ആരാധകർ ഒഴുകിയെത്തി. പിതാവിന്റെയും അദ്ദേഹത്തിന്റെ ഉറ്റമിത്രമായ സിതാർ ചക്രവർത്തി രവിശങ്കറിന്റെയും, ഉസ്താദ് അലി അക്ബർ ഖാന്റെയും കൈപിടിച്ച് കലാവേദിയിലേക്ക് വന്ന സാക്കിർ സംഗീതലോകത്ത് ഇതിഹാസം രചിച്ചാണ് മടങ്ങുന്നത്. ലോകമെമ്പാടും ഇത്രയും ആരാധകരുള്ള മറ്റൊരു ഇന്ത്യൻ സംഗീതജ്ഞൻ ഇല്ലെന്നു നിസംശയം പറയാം.

തലസ്ഥാനത്ത് നിശാഗന്ധിയിൽ സാക്കിർ കച്ചേരി അവതരിപ്പിച്ചപ്പോൾ കോരിത്തരിച്ചിരുന്നുപോയ ഒരു സദസിന്റെ ഓർമ്മ ഇന്നും മനസിൽ മായാതെ നിൽക്കുന്നുണ്ട്. ആ സന്ധ്യയിൽ സാക്കിറിന്റെ തബല പതിഞ്ഞ താളത്തിൽ നിന്ന് ഉച്ചസ്ഥായിയിലേക്ക് ഉയർന്നപ്പോൾ അപാരമായ അനുഭൂതികളിൽ ആസ്വാദകർ ലയിച്ചുചേരുകയായിരുന്നു. ഇടയ്ക്കിടെ മലയാളത്തിൽ ചില വാക്കുകൾ പറഞ്ഞും, ആ സംഭാഷണങ്ങൾക്ക് താളമടിച്ചും ആസ്വാദകരെ ആനന്ദിപ്പിച്ചു. ആരാത്രി അവസാനിക്കാതിരുന്നെങ്കിൽ സദസ് ആഗ്രഹിച്ചിരിക്കാം. കേരളത്തിനെന്നും സാക്കിർ ഭായിയുടെ ഹൃദയത്തിൽ ഇടമുണ്ടായിരുന്നു.ഇവിടേക്കുള്ള ഓരോ ക്ഷണവും സമയം ഉണ്ടായിരുന്നപ്പോഴെല്ലാം അദ്ദേഹം സ്വീകരിച്ചു.

കാലഘട്ടങ്ങളുടെ രോമാഞ്ചമായിരുന്നു സുന്ദരപുരുഷനായ സാക്കിർ ഹുസൈനും അദ്ദേഹത്തിന്റെ താളവും. 'അരേ..വാ താജ്" എന്നു പറയുന്ന താജ് മഹൽ തേയിലയുടെ പരസ്യം പോലും ആരു മറക്കാൻ...