
ഡൽഹിയിൽ ഒരു കച്ചേരി നടത്തിയ വേളയിലാണ് സാക്കിർ ഹുസൈനെ ആദ്യമായി പരിചയപ്പെടുന്നത്. ആ അടുപ്പം വച്ചാണ് ഇന്തോ -ഫ്രഞ്ച് സംയുക്ത നിർമ്മാണ സംരംഭമായിരുന്ന വാനപ്രസ്ഥം എടുത്തപ്പോൾ പശ്ചാത്തല സംഗീതം നിർവഹിക്കാൻ ഞാൻ ക്ഷണിച്ചത്. ആ സിനിമയുടെ ജീവ സംഗീതം ആയി അതു മാറി.
തിരക്കഥ അയച്ചുകൊടുക്കാൻ അദ്ദേഹം പറഞ്ഞു. മോഹൻലാലായിരുന്നു നായകൻ. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസറും ലാലയിരുന്നു. സംഗീതം നിർവഹിക്കാൻ സമ്മതിച്ച സാക്കിർ വാനപ്രസ്ഥത്തിന്റെ ഷൂട്ടിംഗിനിടെ തിരുവനന്തപുരത്തെത്തി. കുതിരമാളികയിൽ വച്ചായിരുന്നു ചിത്രീകരണം. സ്നേഹവും, നഷ്ടപ്പെടലും, കരുതലും എല്ലാം ചേരുന്ന ചിത്രത്തിന്റെ പ്രമേയത്തെ അദ്ദേഹം നന്നായി ഉൾക്കൊണ്ടു.
രണ്ടു ദിവസവും സെറ്റിൽ ഞങ്ങൾക്കൊപ്പം ചെലവഴിച്ചു. ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി വാനപ്രസ്ഥത്തിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന് ചെണ്ടവാങ്ങി വേറൊരു രീതിയിൽ കൊട്ടിക്കാണിക്കുകയും ചെയ്തു. വളരെ പാവം മനുഷ്യനാണ്. വലിയ കലാകാരനാണെന്ന മട്ടും ഭാവവുമൊന്നുമില്ല. പിന്നെയും ആ ബന്ധം തുടർന്നു. ടി. പദ്മനാഭന്റെ കടൽ സിനിമയാക്കുമ്പോൾ സംഗീതം നിർവഹിക്കാമെന്നു പറഞ്ഞിരുന്നു. ഐ.എഫ്.എഫ്.കെയുടെ ഇരുപതാമത് എഡിഷന്റെ ഉദ്ഘാടന ചടങ്ങിലുമെത്തി.
കഴിഞ്ഞ വർഷമാണ് ഏറ്റവും ഒടുവിൽ ഫോണിൽ ബന്ധപ്പെട്ടത്. മഹാനായ കലാകാരനായിരുന്നു. ഇന്ത്യൻ സംഗീതത്തിനു മാത്രമല്ല, കലാലോകത്തിനു തന്നെ തീരാ നഷ്ടമാണ്.