police

പൊലീസ് ആത്മഹത്യകൾ നിത്യേന വാർത്തയാവുന്നു. എട്ടുവർഷത്തിനിടെ 130 പൊലീസുകാർ ജീവനൊടുക്കിയെന്നാണ് സർക്കാർ കണക്ക്. ജോലിഭാരവും മാനസികസമ്മർദ്ദവുമാണ് മുഖ്യകാരണങ്ങൾ.അന്വേഷണ പരമ്പര ആരംഭിക്കുന്നു.

സ്വയം ഒടുങ്ങി പൊലീസ് (1)

കമാൻഡോ പരിശീലനത്തിന്റെ ഭാഗമായി 24 മിനിറ്റിലെത്തേണ്ട അഞ്ചു കിലോമീറ്റർ ഓട്ടത്തിൽ 30 സെക്കൻഡ് വൈകിയതിനെ തുടർന്നുള്ള ഉഗ്രശിക്ഷകളാണ് അരീക്കോട്ടെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ക്യാമ്പിലെ കമാൻഡോ വിനീതിന്റെ (36) ആത്മഹത്യയിലേക്ക് നയിച്ചത്. ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധിക്കപേക്ഷിച്ചത് നിരസിക്കപ്പെട്ടതും വിനീതിനെ സംഘർഷത്തിലാക്കി. തുടർന്ന് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിനീതിന് മേലുദ്യോഗസ്ഥർ അല്പം പരിഗണന നൽകിയിരുന്നെങ്കിൽ ഭാര്യയും മകനുമടങ്ങിയ കുടുംബം അനാഥമാകുമായിരുന്നില്ല.

എട്ടുവർഷത്തിനിടെ 130 പൊലീസുകാർ ജീവനൊടുക്കിയെന്നാണ് സർക്കാർ കണക്ക്. ജോലിഭാരവും മാനസികസമ്മർദ്ദവുമാണ് മുഖ്യകാരണങ്ങൾ. പക്ഷേ സർക്കാർ രേഖകളിൽ കുടുംബ-സാമ്പത്തിക പ്രശ്നങ്ങളും മദ്യപാനവുമൊക്കെയായിരിക്കും. 12-18 മണിക്കൂർ ജോലിയും കുടുംബത്തിനായി സമയം ചെലവഴിക്കാനാവാത്തതും പൊലീസുകാരെ അസ്വസ്ഥരാക്കും. മേലുദ്യോഗസ്ഥരുടെ വേട്ടയാട്ടലും നിസാരകുറ്റങ്ങൾക്ക് കടുത്തശിക്ഷയും കൂടിയാവുമ്പോൾ മാനസികമായി തളരും.

സ്വപ്നവീടിന്റെ പാലുകാച്ചിന് നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരന് എസ്.എ.പി ക്യാമ്പിലെ പരിശീലകൻ അവധി നൽകാതിരുന്നത് അടുത്തിടെയാണ്. സ്വന്തംവീടിന്റെ പാലുകാച്ചിന് പരിശീലകൻ 10 ദിവസം അവധിയെടുത്തിരുന്നു ! പരാതിപ്പെട്ടാൽ പണികളയുമെന്നായിരുന്നു ഭീഷണി. മകളെ കോളേജിൽ ചേർക്കാൻ അവധി ചോദിച്ചപ്പോൾ മാർഷലിന്റെ ശകാരം കാരണം നിയമസഭയിൽ വാച്ച് ആൻഡ് വാർഡ് കുഴഞ്ഞുവീണതും അടുത്തിടെയാണ്. കുട്ടികളുടെ പിറന്നാളിനും കുടുംബത്തിലെ വിശേഷങ്ങൾക്കും മറ്റത്യാവശ്യങ്ങൾക്കുമെല്ലാം പൊലീസുകാർക്ക് അവധി നൽകണമെന്ന ഡി.ജി.പിയുടെ സർക്കുലർ പാലിക്കാറേയില്ല.

വിനീത് തത്ക്ഷണം മരിച്ചു

ടോയ്‌ലെറ്റിൽ മുട്ടുകുത്തി എകെ-47 കുത്തിനിറുത്തി, കുഴൽഭാഗം താടിയിൽ അമർത്തിപ്പിടിച്ചാണ് വിനീത് നിറയൊഴിച്ചത്. തത്ക്ഷണം മരിച്ചു. തലച്ചോറും തലയോട്ടിയും തകർത്ത് വെടിയുണ്ട പുറത്തേക്കുപോയി. ശാരീരികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ആത്മഹത്യയെന്നാണ് മലപ്പുറം എസ്.പി ആർ. വിശ്വനാഥ് പറഞ്ഞത്.

തീരാത്ത പഠനങ്ങൾ

പൊലീസ് ആത്മഹത്യകളെക്കുറിച്ച് നിരവധി പഠനങ്ങളുണ്ടായി. സോഷ്യൽ പൊലീസാണ് ഗൂഗിൾ-ഫോം സർവേയിലൂടെ പുതുതായി പഠിക്കുന്നത്. മാനസിക സമ്മർദ്ദത്തിനുള്ള കാരണങ്ങൾ, സമ്മർദ്ദം ജീവിതത്തെ ബാധിക്കുന്നതെങ്ങനെ, സമ്മർദ്ദം കുറയ്‌ക്കാനുള്ള മാർഗങ്ങൾ എന്നിവയെല്ലാം സർവേയിലൂടെ കണ്ടെത്തും. മുൻപ് എ.ഡി.ജി.പി തലത്തിലെ പഠനമുണ്ടായിരുന്നു.

വർഷം പൊലീസ് ആത്മഹത്യ
 2016.................15
 2017.................14
 2018.................13
 2019.................18
 2020.................12
 2021.................10
 2022.................20
 2023.................16
 2024.................12

'ആത്മഹത്യയ്ക്കുള്ള കാരണങ്ങളിലേറെയും കുടുംബ-സാമ്പത്തിക-ആരോഗ്യപ്രശ്നങ്ങളാണ്. ഔദ്യോഗിക ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് വഴിവച്ചിട്ടുണ്ട്. ആത്മഹത്യാപ്രവണത കുറയ്ക്കുന്നതിന് നടപടിയെടുക്കും. പരിശീലന കാലയളവിലെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും ആയോധന കലകളിലും മനോബലം വർദ്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കും".

- മുഖ്യമന്ത്രി പിണറായി വിജയൻ (നിയമസഭയിൽ പറഞ്ഞത്)