
മംഗലാപുരത്ത് ഞാൻ പഠിക്കുമ്പോൾ എം.ടി.വാസുദേവൻ നായരുടെ ജ്യേഷ്ഠൻ എം.ടി.എൻ.നായർ എന്റെ സീനിയറായിരുന്നു. സാഹിത്യകുതുകിയും സഹൃദയനുമായിരുന്നു അദ്ദേഹം. അപ്പോൾത്തന്നെ ശേഖൂട്ടിയടക്കം എന്റെ പല കഥകളും ആഴ്ചപ്പതിപ്പിൽ വന്നു തുടങ്ങിയിരുന്നു. നന്നായി വായിക്കുന്നയാളായിരുന്നു എം.ടി.എൻ.നായർ. ആ നിലയ്ക്കുതന്നെ എന്നോട് ലോഹ്യമായി. ആ വർഷം ഇന്റർ കൊളീജിയറ്റ് ഡിബേറ്റ് പാലക്കാട് വച്ചായിരുന്നു. കോളേജിൽ നിന്ന് എന്നെയാണ് ഡിബേറ്റിനു അയച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽ തന്റെ അനുജൻ എം.ടി.വാസുദേവൻനായർ പഠിക്കുന്നുണ്ടെന്നും വേണ്ട സഹായങ്ങൾ ചെയ്തുതരാൻ എഴുതിയിട്ടുണ്ടെന്നും എം.ടി.എൻ എന്നോടു പറഞ്ഞു. അന്ന് മൊബൈൽ ഫോണൊന്നും ഇല്ലല്ലോ. ഞാൻ അവിടെയെത്തി. എം.ടി വന്നു പരിചയപ്പെട്ടു. ഡിബേറ്റ് കഴിഞ്ഞ് ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് ഹോസ്റ്റലിലേക്ക് പോയി. പിന്നീട് സെക്കൻഡ് ഷോ സിനിമ കാണാനും ഒരുമിച്ചു പോയി. തിരികെ എം.ടിയുടെ ഹോസ്റ്റൽ മുറിയിൽ വന്നു. ഒരു കട്ടിലാണ് ഉള്ളത്. ആ കട്ടിലിൽ ഞങ്ങൾ രണ്ടുപേരും കിടന്നുറങ്ങി. അതാണ് ആദ്യമായി അടുത്തിടപഴകിയ അനുഭവം. അതൊരു ഊഷ്മളമായ ഓർമ്മയാണ്.
പിന്നീട് ഞാനൊരിക്കൽ കണ്ണൂരിലേക്ക് വരുമ്പോൾ ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് കണ്ടുമുട്ടി. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ട്രെയിൻ അവിടെ കുറച്ചധികംനേരം നിറുത്തും. എം.ടി ചിരിച്ചുകൊണ്ട് അടുത്തുവന്നു. അന്ന് എം.ടിയുടെ കഥകളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അന്ന് അതേക്കുറിച്ചൊക്കെ ഞാൻ സംസാരിച്ചു. 1950കളിലെ കാര്യങ്ങളാണിത്.
പിൽക്കാലത്ത് കണ്ണൂരിലെ വലിയ ജുവലറി ഉടമയായ ഡോ. സി.വി.രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നൽകി വരുന്ന മയിൽപ്പീലി പുരസ്കാരം എം.ടിക്ക് പ്രഖ്യാപിച്ചപ്പോൾ അത് വിതരണം ചെയ്തത് ഞാനായിരുന്നു. (ആദ്യ മയിൽപ്പീലി പുരസ്ക്കാരം എനിക്കായിരുന്നു). കണ്ണൂരിലെ സാധു കല്യാണ മണ്ഡപത്തിലായിരുന്നു ആ ചടങ്ങ്. എം.ടി വരുമോയെന്ന് സംശയം ഉണ്ടായിരുന്നു. കണ്ണൂർകാരനായതിനാൽ ഞാൻ ആതിഥേയനാണല്ലോ...
ഞാൻ നേരത്തെ എത്തി. എം.ടി വന്നു. സ്റ്റേജിലേക്ക് കയറും മുമ്പ് ഞങ്ങൾ സദസ്സിലിരുന്നു. ഞാൻ കുറെ വർത്തമാനം പറഞ്ഞു. എന്റെ പ്രസംഗത്തിലും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു.
അടുത്ത കാലത്തൊന്നും തമ്മിൽ കണ്ടിട്ടില്ല. ഒരാൾ മരിച്ചാൽ ആർക്കും ദുഃഖമുണ്ടാവില്ലേ... എനിക്കും ദുഃഖമുണ്ട്. എം.ടിയുമായി വളരെ കാലത്തെ പരിചയമാണ്. 1950 മുതലുള്ള പരിചയം . 75 കൊല്ലമായില്ലേ. ധാരാളം അനുഭവങ്ങളുണ്ട്. സമ്മിശ്രമായ അനുഭവങ്ങൾ. അദ്ദേഹം കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി പ്രായാധിക്യത്തിന്റെ വിഷമങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഒരു വീഴ്ചയുണ്ടായതിനാൽ മൂന്നാഴ്ചയായി ചികിത്സയിലാണ്. അല്ലെങ്കിൽ എം.ടിയെ കാണാൻ പോകുമായിരുന്നു. ഏറ്റവുമൊടുവിൽ കണ്ടത് രണ്ടുവർഷം മുമ്പാണ്. തിരുവനന്തപുരത്തുവച്ച്. അന്ത്യം ഇത്രയും വേഗത്തിൽ വരുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെയല്ല അദ്ദേഹം. ഞാൻ ചെറിയ മേഖലയിൽ ഒതുങ്ങികൂടിയവനാ. എം.ടി അങ്ങനെയല്ല. കഥകളെഴുതി, നോവൽ എഴുതി, നാടകമെഴുതി, സിനിമാ സ്‌ക്രിപ്റ്റുകൾ എഴുതി, സംവിധാനം നിർവഹിച്ചു. അദ്ദേഹത്തിന്റെ ലോകം വളരെ വിശാലമാണ്. എന്റേത് ചെറുതാണ്. കഥ, ചെറിയ കഥ. എന്റെ സന്മനസുകൊണ്ടല്ല അത്. എനിക്ക് അത്രയേ കഴിയുള്ളൂ. ഉള്ളതു കൊണ്ട് തൃപ്തനായി ഞാൻ ആ ചെറിയ മേഖലയിൽ കഴിയുന്നു. എഴുതിതുടങ്ങി വളരെ വേഗത്തിലാണ് എം.ടി വിശാലമായ ലോകത്തേക്ക് ചുവടുവച്ചത്. തുടങ്ങിയപ്പോഴുള്ള ആ കൊച്ചു ലോകത്ത് തന്നെ ഞാൻ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ്. ഇത് ക്ലീഷേയായി പറയുന്നതല്ല. സത്യമാണ്. സത്യം ആർക്കും നിഷേധിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ നോവലുകളും കഥകളുമെല്ലാം ഞാൻ വായിച്ചിട്ടുണ്ട് . സിനിമകൾ കണ്ടിട്ടുണ്ട്. എനിക്കിഷ്ടവുമായിരുന്നു.