
രാവിലെ ആറ് ആറരമണിയോടെ എ.കെ. ആന്റണിയുടെ ഒരു ദിവസം തുടങ്ങും. ഇരുന്നുകൊണ്ടുള്ള വ്യായാമം, ബ്രീത്തിംഗ് വ്യായാമം എന്നിവ കഴിഞ്ഞാൽ തിരുവന്തപുരം വഴുതയ്ക്കാട് ഈശ്വരവിലാസം റോഡിലെ വസതിയായ അഞ്ജനത്തിന്റെ മുറ്റത്ത് നാൽപ്പത് മിനിറ്റ് നടത്തം പതിവാണ്. വെജിറ്റേറിയൻ ഭക്ഷണമാണ് പൊതുവെ കഴിക്കുന്നത്. കുറച്ച് നോൺ വെജ് കൂടി കഴിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ മുട്ടയുടെ വെള്ള കഴിക്കും. വല്ലപ്പോഴും മത്സ്യവും. ഉച്ചയ്ക്ക് ചപ്പാത്തിയാണ്. ചോറ് പൂർണമായി ഒഴിവാക്കി. രാത്രിയിൽ ഓട്ട്സും. അവധി ദിവസങ്ങളിലൊഴികെ വൈകിട്ട് അഞ്ചു മണികഴിഞ്ഞ് പതിവായി കെ.പി.സി.സി ഓഫീസിൽ പോകും. ഏഴര കഴിഞ്ഞ് തിരിച്ചെത്തിയാൽ വായനയും വാർത്ത കാണലുമൊക്കെയാണ്. പതിനൊന്നു കഴിഞ്ഞേ ഉറങ്ങാൻ കിടക്കൂ. പിറന്നാൾ ഒരിക്കലും ആഘോഷിക്കാറില്ല. എന്നാൽ ഇക്കുറി സർപ്രൈസ് ആയി ഒരു ഒത്തുചേരൽ ഉറ്റവർ പ്ളാൻ ചെയ്തിരുന്നു.പക്ഷെ മൻമോഹൻസിംഗിന്റെ മരണത്തെ തുടർന്ന് അത് റദ്ദാക്കുകയായിരുന്നു. വീട്ടിൽ ഭാര്യ എലിസബത്ത് ആന്റണിയും മകൻ അജിത്തും ഉണ്ട്. മൂത്ത മകൻ ബി.ജെ.പി നേതാവ് അനിൽ ആന്റണി പപ്പയ്ക്ക് ആശംസകൾ നേർന്നിരുന്നു. കേക്കും അയച്ചു.