
വേമ്പനാട്ട് കായലിലെ 'ജനപ്രിയ' മത്സ്യങ്ങൾ പലതും വംശനാശ ഭീഷണിയിലെന്ന് വിവിധ പഠന റിപ്പോർട്ടുകൾ. ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാണിത്. 1980ൽ 150 മത്സ്യയിനങ്ങൾ കണ്ടെത്തിയിരുന്നത് 2020ലെത്തിയപ്പോൾ 90 ആയി കുറഞ്ഞു. 1974ൽ 16,000 ടൺ മത്സ്യം ലഭിച്ചിരുന്നത് ഇപ്പോൾ 8,000 ടണ്ണായി. തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ മേഖലയിലെ മത്സ്യലഭ്യത 4,000 ടണ്ണിൽ നിന്ന് 600 ആയി.
പ്ളാസ്റ്റിക്കിന്റെ അളവ് വർദ്ധിച്ചത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചു. രാസമാലിന്യത്തിന്റെയും മനുഷ്യ വിസർജ്യത്തിലടങ്ങിയിട്ടുള്ള കോളിഫോം ബാക്ടീരിയയുടെയും അളവ് കായലിൽ കൂടുകയാണ്. തണ്ണീർമുക്കം ബണ്ടിന് അപ്പുറവും ഇപ്പുറവും കരിമീൻ അടക്കം മത്സ്യങ്ങൾക്ക് രണ്ട് രുചിയാണ്. കുമരകത്ത് കരിമീനിൽ ചേറിന്റെ ചുവ കൂടുതലായെന്നും കണ്ടെത്തി. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഘനലോഹ മാലിന്യങ്ങൾ ക്യാൻസർ അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കുസാറ്റ് പഠനത്തിൽ കണ്ടെത്തിയിരുന്നു.
വെള്ളത്തിലും അടിത്തട്ടിലെ മണ്ണിലും മത്സ്യങ്ങളിലും സിങ്കിന്റെ അളവ് കൂടുതലാണ്.
ഡിസംബർ മുതൽ മാർച്ചുവരെ തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതു മൂലമുള്ള മലിനീകരണം മത്സ്യങ്ങളുടെ വംശനാശത്തിനൊപ്പം കക്കകളുടെയും മറ്റ് ജലജീവികളുടെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു. 1940ൽ 4.5 മില്യൺ വെള്ളകക്ക ഡെപ്പോസിറ്റുണ്ടായിരുന്നത് ഇപ്പോൾ നാലു മില്യണിന് താഴെയെത്തി.
ശുദ്ധജലം ഇഷ്ടപ്പെടുന്നവയാണ് സൂക്ഷ്മ ജീവികൾ. മലിനീകരണ തോത് ഉയരുന്നത് ഇവയുടെ വംശനാശത്തിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ ഉപ്പുവെള്ളം കയറിയിറങ്ങുന്നത് മലിനീകരണം കുറയ്ക്കുന്നതിന്
സഹായകമാകും. അതിനാൽ, ബണ്ട് സ്ഥിരമായി തുറന്നിടുന്നതാണ് ഏക പരിഹാര മാർഗമെന്ന് വിവിധ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വംശനാശ ഭീഷണി നേരിടുന്നവ
നാടൻ മുഷി, കോല, വഴക്കൂരി, ആറ്റുവാള, ആരകൻ, പന ആരകൻ, വാഹ വരാൽ
ലഭ്യത കുറഞ്ഞവ
വലിഞ്ഞിൽ, കൂരൽ, കാലൻ ചെമ്മീൻ, പൂമീൻ, കണമ്പ്, തിരുത, നഞ്ചുകരിമീൻ, കട്ട്ല, പ്രാഞ്ചി, ഒറത്തൽ, തിരണ്ടി, മാലാൻ, കടൽ കറുപ്പ്
(തുടരും)