p

വേമ്പനാട്ട്കായൽ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികൾ വിവിധ ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും എല്ലാം കടലാസ് പദ്ധതികളായി അവശേഷിക്കുകയാണ് .

# മത്സ്യ സങ്കേതങ്ങളുടെ സ്ഥാപനം, കറുത്ത കക്കയുടെ പുനരുജ്ജീവനം, കണ്ടൽചെടികൾ വച്ചുപിടിപ്പിക്കൽ, മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ, നിയമാനുസൃതമായ കണ്ണി വലകളുടെ വിതരണം തുടങ്ങിയവയാണ് വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

# വേമ്പനാട്ട് കായലാണ് കേരള ടൂറിസത്തിന്റെ മുഖ്യ വരുമാന ഘടകം. പരിസ്ഥിതി സംരക്ഷിച്ച് ഇത് നിലനിറുത്തണം. ജുഡിഷ്യൽ അധികാരമുള്ള വിദഗ്ദ്ധർ അടങ്ങുന്ന ഒരു അതോറിറ്റി വേണമെന്നാണ് പ്രധാന നിർദ്ദേശം. ഹൈക്കോടതി നി‌യോഗിച്ച അമിക്യൂസ് ക്യൂറി റിപ്പോർട്ടിൽ മലിനീകരണത്തിനു മുഖ്യകാരണം ഹൗസ് ബോട്ടുകളും അവയിലെ മാലിന്യങ്ങളുമാണെന്നായിരുന്നു കണ്ടെത്തൽ . കായൽ സംരക്ഷിക്കാനുള്ള നടപടികൾ വ്യക്തമാക്കാൻ 2013 ലും 2016 ലും സുപ്രീംകോടതി നിർദ്ദേശിച്ചുവെങ്കിലും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .

ആലപ്പുഴയിലെയും കുമരകത്തെയും സ്വിവറേജ് പ്ളാന്റ് പ്രവർത്തനം കാര്യക്ഷമമാക്കണം, റിസോർട്ടുകൾക്ക് നിയന്ത്രണം വേണം ,തീരപരിപാലന നിയമം കർശനമായി പാലിക്കണം തുടങ്ങിയവയായിരുന്നു പധാന നിർദ്ദേശങ്ങൾ.

വേമ്പനാട് കായൽ സംരക്ഷിക്കുന്നതിലെ വീഴ്ചയ്ക്ക് സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ 10 കോടി പിഴയിട്ടിരുന്നു . ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കി ആറുമാസത്തിനുള്ളിൽ നടപ്പാക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല.

# വേമ്പനാട്ടുകായലിന്റെ ജൈവിക സ്വഭാവം നിലനിറുത്തി സംരക്ഷിക്കണം. ആഴം കൂട്ടൽ കായലിന്റെ ആവാസ വ്യവസ്ഥയെ തകർത്തേക്കാം. തീരങ്ങളിൽ ബണ്ടു നിർമിച്ചു വ്യാപകമായി കണ്ടൽ വച്ചുപിടിപ്പിക്കണം. ഇത് ടൂറിസം വളർത്തും മത്സ്യ സമ്പത്തും വർദ്ധിപ്പിക്കും (ഡോ.കെ.ജി പത്മകുമാർ . കാർഷിക ഗവേഷണ കേന്ദ്രം മുൻ അസോഷ്യേറ്റ് ഡയറക്ടർ )

(അവസാനിച്ചു)