 ഇത്തവണ 46 സ്വകാര്യ വ്യക്തികളുടെ ചന്ദനവും

മറയൂർ: ഈ വർഷത്തെ അവസാന മറയൂർ ചന്ദന ഇ- ലേലം 19ന് രണ്ടു ഘട്ടങ്ങളിലായി നടക്കും. രാജ്യത്തെ ഏറ്റവും വലിയ ചന്ദനലേലത്തിൽ ഇത്തവണ 66.111 ടൺ ചന്ദനമാണ് ലേലത്തിന് തയ്യാറായിരിക്കുന്നത്. 46 സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് നിന്ന് ശേഖരിച്ച നാല് ടൺ ചന്ദനവും ഇത്തവണ ലേലത്തിൽ വച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രയധികം സ്വകാര്യവ്യക്തികളുടെ ചന്ദനം ലേലം ചെയ്യുന്നത്. ലേലത്തിൽ ലഭിക്കുന്ന തുകയിൽ 98 ശതമാനം തുകയും സ്ഥല ഉടമയ്ക്ക് ലഭിക്കും. ബാക്കിതുക ചന്ദനം ചെത്തി ഒരുക്കുന്നതിനായി എടുക്കും. സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം വനംവകുപ്പ് എടുക്കുന്നതിന് റവന്യൂ രേഖകൾ സ്ഥല ഉടമ ഹാജരാക്കണം.

ആവശ്യമായ രേഖകൾ സഹിതം നിരതദ്രവ്യം അടയ്ക്കുന്നവർക്ക് ലേലത്തിൽ പങ്കെടുക്കാം. 18 ശതമാനം ജി.എസ്.ടി, 5 ശതമാനം ഫോറസ്റ്റ് ഡവലപ്‌മെന്റ് ടാക്സ്, 2 ശതമാനം സാധാരണ ടാക്സ് എന്നിങ്ങനെ 25 ശതമാനം നികുതി കൂടി അധികമായി കൊടുക്കേണ്ടിവരും. ജൂണിൽ നടന്ന ഇ- ലേലത്തിൽ 19.63 കോടി രൂപയുടെ ചന്ദനം വിറ്റുപോയിരുന്നു. കൊവിഡിന് മുമ്പ് 80 കോടി രൂപ വരെയായിരുന്നു മറയൂർ ചന്ദന ഇ ലേലത്തിലൂടെ സർക്കാരിന് പ്രതിവർഷം ലഭിച്ചിരുന്നത്. ക്ഷേത്രങ്ങൾക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടങ്കിലും കേരളത്തിലെ ഏക ചന്ദന ലേലമായ ഇതിൽ പങ്കെടുക്കുന്നവർ ചുരുക്കമാണ്. ചെറിയ സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കുമായി ചെറിയ അളവിലും ലോട്ടുകൾ ഒരുക്കിയിട്ടുണ്ട്.

ചന്ദനമെത്തുന്നത്

ലേലത്തിൽ പൊതുവെ വിൽപനയ്ക്ക് എത്തിച്ചു വരുന്നത് ചന്ദന റിസർവ്വിൽ കാറ്റിൽ വീഴുന്നതോ വന്യമൃഗങ്ങൾ പിഴുതിടുന്നതോ സ്വകാര്യ റവന്യൂ ഭൂമിയിൽ നിന്ന് നടപടികൾ പൂർത്തീകരിച്ച് ഗോഡൗണിലെത്തിക്കുന്നവയോ ആണ്. ഇതിന് പുറമേ കള്ളകടത്തുകാരിൽ നിന്ന് പിടികൂടുന്ന ചന്ദനവും ലേലത്തിൽ വയ്ക്കാറുണ്ട്.

ലേലത്തിൽ വയ്ക്കുന്നത്

ഒന്നാം ക്ലാസ് വിഭാഗത്തിൽപ്പെട്ട വിലായത്ത് ബുദ്ധയൊഴിച്ച് ഇത്തവണ ലേലത്തിന് ഇല്ല. ബാക്കി 15 വിഭാഗത്തിൽപ്പെട്ട ചന്ദനങ്ങളും ലേലത്തിലുണ്ട്. പത്താംക്ലാസ് വിഭാഗത്തിൽപ്പെട്ട ജയ് പൊഗൽ ചന്ദനം 6.6 ടണ്ണും അഞ്ചാം ക്ലാസ് വിഭാഗത്തിൽപ്പെട്ട ഗാട്ട് ബഡ്ല 3.622 ടണ്ണും ആറാം ക്ലാസ് വിഭാഗത്തിൽപ്പെട്ട ബഗ്രദാദ് ചന്ദനം 2.696 ടണ്ണും മൂന്നാം ക്ലാസ് വിഭാഗത്തിൽപ്പെട്ട പഞ്ജം 2.426 ടണ്ണുമാണ് ലേലത്തിൽ വയ്ക്കുന്ന പ്രധാന ഇനങ്ങൾ. വെള്ളചന്ദനം രണ്ടു വിഭാഗങ്ങളിലായി 40 ടണ്ണും ലേലത്തിലുണ്ട്. മൃതദേഹ സംസ്‌കാരത്തിന് ഉപയോഗിക്കുന്ന 16-ാം വിഭാഗത്തിൽപ്പെട്ട ബ്രിക്കറ്റ് ചന്ദനം 385 കിലോയും ലേലത്തിലുണ്ട്.


'സ്വകാര്യ വ്യക്തികൾക്ക് ലേലം പൂർത്തിയായാലുടൻ പണം ലഭ്യമാക്കും. സംസ്ഥാനത്ത് ചന്ദനകൃഷി വ്യാപിപ്പിക്കുകയാണ് ലേലത്തിന്റെ ലക്ഷ്യം"

-മറയൂർ ചന്ദന ഡിവിഷൻ ഡി.എഫ്.ഒ പി.ജെ. സുഹൈബ്