 
തൊടുപുഴ :ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി.വിവിധ വകുപ്പുകളിലായി സൂപ്പർ ന്യൂമററിയായി നിയമിച്ചിരിക്കുന്ന ഭിന്നശേഷി ജീവനക്കാരെ റഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാവണം. സൂപ്പർ ന്യൂമററി തസ്തിക ഓഫീസ് സ്ഥലത്തിൽ അനുവദിക്കപ്പെട്ടു കഴിഞ്ഞാൽ അതിൽ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് സമാന രീതിയിൽ നിയമിക്കപ്പെട്ട തസ്തികകളിലേക്ക് സ്ഥലംമാറ്റം നൽകുന്നതിന് നടപടി ഉണ്ടാവണം.എല്ലാ വകുപ്പുകളിലും കൺവയൻസ് അലവൻസ് ഏകീകരിക്കുകയും ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങാൻ അഡ്വാൻസായി തുക അനുവദിക്കുകയും വേണം. ഭിന്നശേഷിയുടെ തോതനുസരിച്ച് മുൻഗണന നൽകാൻ കഴിയണം.സിവിൽ സ്റ്റേഷൻ പോലുള്ള ഓഫീസ് സമുച്ചയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ ഹെൽപ്പ് ഡസ്‌ക് സ്ഥാപിച്ച് ആശയവിനിമയത്തിന് പ്രാവീണ്യമുള്ള ജീവനക്കാരെ നിയോഗിക്കണം. ഓഫീസ് സമുച്ചയങ്ങളിൽ മതിയായ ഭിന്നശേഷിസഹായക ഉപകരണങ്ങളും വാഹനങ്ങളും വീൽചെയറും സജ്ജീകരിക്കണം. ഭിന്നശേഷി ജീവനക്കാർ, പൊതുജനങ്ങൾ ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഓരോ ഓഫീസ് കോമ്പൗണ്ടിലും പ്രത്യേക സ്ഥലം ക്രമീകരിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി റാമ്പുകൾ, കൈവരികൾ, ലി്ര്രഫുകൾ, വിശ്രമമുറികൾ, ശുചിമുറികൾ, ബ്രയിൻലിപിയിലെ പ്രത്യേക ചിഹ്നങ്ങൾ എന്നിവ സജ്ജീകരിക്കണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ നടത്തിയത്.കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണ എൻ .ജി .ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി .വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ ജോ സെക്രട്ടറി ടി. ജി രാജീവ് നന്ദിയും പറഞ്ഞു.