പീരുമേട് താലൂക്കിൽ മൂന്ന് വില്ലേജ് ഓഫീസുകൾ നാഥനില്ലാകളരി
ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ വലഞ്ഞ് അപേക്ഷകർ
കുമളി: വില്ലേജ് ഓഫീസർമാരില്ലത്തതുമൂലം സർട്ടിഫിക്കറ്റുകളും റവന്യു സേവനങ്ങളും ലഭിക്കാതെ ജനങ്ങൾ വലയുന്നു.പീരുമേട് താലൂക്കിലെ പെരിയാർ, മഞ്ചുമല, വാഗമൺ വില്ലേജ് ഓഫീസുകളിലാണ് ആഴ്ച്ചകളായി ഓഫീസർമാർ ഇല്ലാത്തത്. പകരം ചുമതലയ്ക്ക് ആളും ഇല്ലാതെ വന്നതോടെ ഇവിടെ വിവിധ ആവശ്യങ്ങൾകായി സമർപ്പിക്കപ്പെട്ട അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.
ബാങ്ക് വായ്പകൾക്കും കെ.എസ്.എഫ്.ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നൽകുവാനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വീട് വയ്ക്കുന്നതിനുമെല്ലാമുള്ള അപേക്ഷകൾ ഇത്തരത്തിൽ പരിഗണിക്കാൻ വില്ലേജ് ഓഫീസർ ഇല്ലാത്ത കാരണത്താൽ ഫയലിലുറങ്ങുകയാണ്. എല്ലാ അപേക്ഷകളിലും വില്ലേജ് ഓഫീസർ തീർപ്പാക്കേണ്ടതുള്ളതിനാൽ ഓഫീസിലെ മറ്റ് ജീവനക്കാർ ഇക്കാര്യത്തിൽ നിസഹയരുമാണ്.
ലീവിലുള്ള വില്ലേജ് ഓഫീസർമാർക്ക് പകരം സമീപപ്രദേശത്തുള്ള വില്ലേജുകളിലെ ഓഫീസർമാർക്ക് ചാർജ്ജ് കൊടുത്തിട്ടുണ്ടെങ്കിലും സ്വന്തം ഓഫീസിലെ ജോലികൾ ചെയ്തു തീർക്കാൻ സമയം തികയാത്ത ഇവർക്ക്സർട്ടഫിക്കറ്റിനുള്ള അപേക്ഷകൾ ശ്രദ്ധിക്കാനാകുന്നില്ല. ഓഫീസർമാർ ഇല്ലാത്ത വില്ലേജുകളിൽ മറ്റ് ജീവനക്കാരും ആലസ്യത്തിലാണ് .വില്ലേജ് ഓഫീസുകൾക്ക് ഔദ്യോഗിക മൊബൈൽ, ലാന്റ് ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിലും വിളിച്ചാൽ ആരും ഫോൺ എടുക്കില്ലെന്ന ആക്ഷേപവും ശക്തമാണ്. വിവിധ ആവശ്യങ്ങൾക്കായി ഫീസടച്ച് ഓൺലൈനിൽ അപേക്ഷ നൽകിയ ശേഷം ദിവസവും സർട്ടിഫിക്കറ്റ് ലഭ്യമായോ എന്ന് പരിശോധിക്കുകയാണ് ഈ വില്ലേജ് ഓഫീസുകളുടെ പരിധിയിൽ താമസിക്കുന്ന അപേക്ഷകരും അക്ഷയ സെന്റർ ജീവനക്കാരും.സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാൻ കളക്ടർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെനാണ് നാട്ടുകാരുടെ ആവശ്യം.
വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന
ഓൺലൈൻ സേവനങ്ങൾ
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി , വരുമാനം, റസിഡൻസ് സർട്ടിഫിക്കറ്റ് , കൈവശ സർട്ടിഫിക്കറ്റ്, പൊസഷൻ ആൻഡ് നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ്, വിധവ സർട്ടിഫിക്കറ്റ് , ബന്ധുത്വ സർട്ടിഫിക്കറ്റ്, നോൺ ക്രിമിലിയർ, അഗതി സർട്ടിഫിക്കറ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, വൈവാഹിക ബന്ധം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നോൺ മാര്യേജ് സർട്ടിഫിക്കറ്റ്, ആശ്രിത സർട്ടിഫിക്കറ്റ്, മിശ്ര ജാതി സർട്ടിഫിക്കറ്റ്, ഇൻഡിജന്റ് സർട്ടിഫിക്കറ്റ്, ഭൂനികുതി സർട്ടിഫിക്കറ്റ് .