 
ഇടുക്കി: വനിതാ ടൂറിസ്റ്റുകളും വനിതാ ടൂറിസം സംരംഭകരും സൃഷ്ടിക്കുന്ന സാമ്പത്തിക അവസരം ഉപയോഗപ്പെടുത്താൻ അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് മാങ്കുളത്ത് നടന്ന ആഗോള വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. ഈ അവസരം ഉപയോഗപ്പെടുത്തിയാൽ അന്താരാഷ്ട്ര തലത്തിൽ തന്നെ കേരളം മാതൃകയാകും.
ലോകത്തുടനീളം വനിതാ ടൂറിസ്റ്റുകളുടെ എണ്ണം ദ്രുതഗതിയിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് ദശകമായി ലോക ടൂറിസം ഭൂപടത്തിൽ തായ്ലാന്റ് നടത്തിയ മുന്നേറ്റത്തിൽ അവിടുത്തെ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്ന് സൂസൻ ദുസെറ്റ് സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. ഓങ്ക്രിസ സാൻചുമോങ് ചൂണ്ടിക്കാട്ടി. തായ് ലാന്റ് ടൂറിസം മേഖലയിലെ അമ്പത് ശതമാനത്തിനടുത്ത് വനിതകളാണ്. അവിടുത്തെ ടൂറിസം വരുമാനത്തിന്റെ പകുതിയിലധികം സ്ത്രീകളുടെ സംഭാവനയാണെന്നും അവർ ചൂണ്ടിക്കാട്ടി.വനിതാകേന്ദ്രീകൃത ടൂറിസത്തിന് സാമൂഹ്യമായ പ്രാധാന്യം മാത്രമല്ല, സാമ്പത്തികമായ അവസരം കൂടിയുണ്ടെന്ന തിരിച്ചറിവ് ഈ സമ്മേളനത്തിലൂടെ ലഭിച്ചുവെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. വയോജനങ്ങളുടെ വിനോദസഞ്ചാരത്തിലുള്ള താത്പര്യം വളരെയധികം വർധിച്ചിട്ടുണ്ടെന്ന് ആസുത്രണബോർഡംഗം മിനി സുകുമാർ പറഞ്ഞു. .ഉത്തരവാദിത്ത ടൂറിസം മേഖലയിൽ മികച്ച പ്രകടനം നടത്തിയ 18 വനിതകളെ സമ്മേളനത്തിൽ ആദരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ, ആർടി മിഷൻ സൊസൈറ്റി പ്രവർത്തകരായ സതി മുരളീധരൻ, അജിത സുരേഷ്, അമ്പിളി എം സോമൻ, സുഹൈറ കെ, വിദ്യ എം വി, ശ്രീ വിദ്യ, അലീമത്ത് സഹാദിയ, ശ്രീദേവി പി നമ്പൂതിരിപ്പാട്, പി ബി ബിദുല, സരിത വി ആർ, ഇന്ദിര എം ജി, രമ്യ മോഹൻ, ഫൗസിയ അഷ്രഫ്, യാസ്മിൻ എൻ കെ എന്നിവരെയാണ് ആദരിച്ചത്.