തൊടുപുഴ: സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷൂറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കർ ആക്കി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണന്ന് കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസ്സോസയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഉണ്ടായ അതിരൂക്ഷമായ വരളൾച്ചയിൽജില്ലയിലെ ഏലം മേഖലയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു. കർഷകരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കൃഷി മന്ത്രി പി. പ്രസാദ് നേരിട്ട് എത്തുകയും ജില്ലയിലെ ഏലം മേഖലയെ പ്രത്യേക വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിച്ച് കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിച്ചിരുന്നു. നില നിന്നിരുന്ന മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിബന്ധനയിൽ മാറ്റം വരുത്തി ചെറുകിടനാമമാത്ര കർഷകരെ കൂടി ഇൻഷൂറൻസ് ആനുകൂല്യത്തിന്റെ പരിധിയിൽ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം 100 സെന്റ് കായ്ഫലമുള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിന് 600 രൂപയും മൂന്ന് വർഷത്തേക്ക് 1500 രൂപയും കർഷകർ പ്രീമിയം അടച്ചാൽ മതിയാകും.സംസ്ഥാന സർക്കാരിനും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദിനും കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസ്സോസയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ.എ.ബുഷറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എസ്. സോജൻ റപ്പോർട്ടിംഗ് നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ.ജിൻസ്, സംസ്ഥാന കമ്മിറ്റിയംഗം എം. ആർ.രതീഷ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജി.അജീഷ, വി.കെ. മനോജ്,പി.കെ. സാജു ,പി.റ്റി.വനോദ്, സി. എസ് .രജനി, തുമ്പി വിശ്വനാഥൻ, ജോൺസൺ കുരുവിള, അൻസൽന ദിലീപ് എന്നിവർ സംസാരിച്ചു