ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജില്ലയിൽശരാശരി ലഭിച്ചത് 59.44മി.മി മഴ

തൊടുപുഴ: ജില്ലയിൽ രണ്ട് ദിവസങ്ങളിലായി മഴ ശക്തമായി. ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ വൈകിട്ടോടെ ശക്തമായി. ഇന്നലെയും അത് തുടർന്നു. ഞായറാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ യുള്ള ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജില്ലയിൽശരാശരി ലഭിച്ചത് 59.44മി.മി മഴയാണ്.ഇന്നലെ രാവിലെ വരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊടുപുഴ മേഖലയിലെ വിവിധ ഇടങ്ങളിൽ ഇന്നലെ രാവിലെ മുതൽ ഇടവിട്ട് പെയ്ത മഴ വൈകിട്ട് വരെ തുടർന്നു. ജില്ലയിൽ ഇന്നലെ ഓറഞ്ച് ജാഗ്രതയായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. നിലവിൽ മഴ മുന്നറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. ഇനിയും മഴ തുടരാനാണ് സാദ്ധ്യത. ഞായറാഴ്ച വൈകിട്ട് പെയ്ത് ശക്തമായ മഴയെ തുടർന്ന് കളക്ടർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ഇതുവരെ ശരാശരി മഴ ലഭിച്ചതായാണ് കണക്കുകൾ.ഒക്ടോബർ മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ചത് 488.1മി.മീ മഴയാണ്. ഇതുവരെ കാര്യമായ മഴക്കെടുതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുള്ളത് ആശ്വാസകരമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട് മേഖലയിലാണ്. കുറവ് ലഭിച്ചത് ദേവികുളം മേഖലയിലും.

മഴയുടെ അളവ്

(മില്ലി. മീറ്ററിൽ)

ഉടുമ്പൻചോല-42മി.മീ

ദേവികുളം- 30.2മി.മീ

പീരുമേട്- 145മി.മീ

ഇടുക്കി- 35.8മി.മീ

തൊടുപുഴ- 44.2മി.മീ

ഡാം നിലവിലെ ജലനിരപ്പ്

ഇടുക്കി- 2377.46അടി

മുല്ലപ്പെരിയാർ- 119.80 അടി

തീവ്രമഴ ; അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ വൈദ്യുതി അപകടങ്ങളിൽപ്പെടാതിരിക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകൾ വീണോ മറ്റോ വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം. ഏതെങ്കിലും തരത്തിലുള്ള അപകടമോ അപകട സാദ്ധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താൻ കഴിയും.

കാനനപാതയിലൂടെയുള്ള

യാത്രയ്ക്ക് നിരോധനം

പീരുമേട്: കനത്ത മഴയും മൂടൽമഞ്ഞും മൂലം സത്രംവഴി കാനനപാതയിലൂടെയുള്ള തീർത്ഥാടനം ജില്ലാ ഭരണകൂടം നിരോധിച്ചു ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉണ്ടായകനത്ത മൂടൽമഞ്ഞും, ശക്തമായ മഴയും, കാനന പാതയിലൂടെയുള്ളതീർത്ഥാടനം ജില്ലാ ഭരണകൂടം നിരോധിക്കയായിരുന്നു. തൊട്ടടുത്ത് നിൽക്കുന്ന ആളുകളെ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ശക്തമായ മൂടൽമ മഞ്ഞാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. കാനനപാതയുടെ ഇരുവശവും വന്യമൃഗ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ആന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങൾ പാതയുടെ ഇരുവശങ്ങളിലും ശബരിമല തീർഥാടകർക്ക് കാണാൻ കഴിയുന്നുണ്ട്. സത്രത്തിൽ സന്നിധാനത്തേക്ക് 12 കിലോമീറ്റർ ദൂരമുണ്ട്. ഒരു മണി വരെയാണ് ശബരിമലയിലേക്ക് തീർത്ഥാടകരെ കയറ്റിവിടുന്നത്. സത്രത്തിൽ നിന്ന് ഒരു മണിക്ക് ഇറങ്ങുന്ന തീർത്ഥാടകർ സന്നിധാനത്ത് എത്തു മ്പോൾ ഒൻപത് മണി വരെയാകും. സത്രത്തിൽ നിന്ന് ആറുമണിക്കൂർ യാത്ര ചെയ്താലേ കഴുത കുഴിയിലെത്തു.ഇവിടെ നിന്ന്തീർത്ഥാടകർക്ക് സാവധാനത്തിൽ മാമ്രേ യാത്ര ചെയ്യാൻ കഴിയൂ. അവിടെനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്യണം സന്നിധാനത്ത് എത്താൻ. തീർത്തുംദുർഘടമായ പാതയാണ്ഇത്.