
ഉടുമ്പന്നൂർ: വ്യത്യസ്തമാർന്ന പരീക്ഷണങ്ങളിലൂടെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങൾ വിജയഗാഥ തുടരുകയാണ്. ഉപ്പുകുന്ന് വാർഡിലെ പുനർനവ കൃഷിക്കൂട്ടം പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ചാമയും നിലക്കടലയും വിളവെടുപ്പിന് പാകമായി .രണ്ട് വർഷം മുൻപാണ് ഗ്രാമപഞ്ചായത്ത് കൃഷിക്കൂട്ടങ്ങൾ എന്ന ആശയം മുമ്പോട്ട് വയ്ക്കുന്നത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ വഴി പ്രവർത്തനം ആരംഭിച്ചു. 5 മുതൽ 7 പേർ വരെ അടങ്ങുന്ന കൃഷിക്കൂട്ടങ്ങൾ രജിസ്റ്റർ ചെയ്ത് അവർ ചെയ്യുന്ന കൃഷിക്ക് ഹെക്ടറിന് 22000 രൂപ നിരക്കിൽ സബ്സിഡിയും അനുവദിച്ചു. ഇതു വഴി 16.5 ഏക്കർ അധികമായി പച്ചക്കറി കൃഷി ചെയ്യാൻ കഴിഞ്ഞു. ഈ ഓണക്കാലത്ത് ഇവരുടെ ഉത്പനങ്ങൾ കൊണ്ട് ഓണച്ചന്ത നടത്താൻ കഴിഞ്ഞു .2.5 ടൺ പച്ചക്കറി ഹോർട്ടികോർപ്പിന് വിൽക്കാനും കഴിഞ്ഞു.
9.5 ഏക്കർ സ്ഥലത്ത് പുഷ്പകൃഷി നടത്തിയും കൃഷിക്കൂട്ടങ്ങൾ ഈ ഓണം സമൃദ്ധമാക്കി. ചോളം , കാബേജ്, ബീൻസ് , കൂർക്ക തുടങ്ങി വ്യത്യസ്ത വിളകൾ പരീക്ഷിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് ഉപ്പുകുന്ന് പുനർനവ കൃഷിക്കൂട്ടം ഇക്കുറി മറ്റ് കൃഷികളോടൊപ്പം ചാമയും നിലക്കടലയും കൃഷി ചെയ്തത്. പരീക്ഷണാടിസ്ഥാനത്തിലാണെങ്കിലും കൃഷി നൂറ് മേനി വിളഞ്ഞു. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. കൃഷി ഓഫീസർ കെ. അജിമോൻ അധ്യക്ഷനായി.
കൃഷി അസിസ്റ്റന്റ് മാരായ നിസാമോൾ, റംല കൃഷിക്കൂട്ടം ഭാരവാഹികളായ ദിലീപ്കുമാർ, വി.ഐ ദിവാകരൻ, ശിവരാമൻ, രമ്യ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.