തൊടുപുഴ:വ ഴിത്തലയിൽ വീടിന് തീപിടിച്ചു. മാറിക പുത്തൻപള്ളിക്ക് സമീപം മാറിക വീട്ടിൽ ജിനുമോൻ മാത്യു വിന്റെ അടുക്കളയുടെ ചിമ്മിനിയിൽ ഉണക്കാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റിനാണ് ആദ്യം തീ പിടിച്ചത്. ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. തീ പടർന്ന്

സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റു ഷീറ്റുകളിലേക്കും, അടുക്കള, വർക്ക് ഏരിയയിലേക്കും വ്യാപിച്ചു. പരിഭ്രാന്തരായ വീട്ടുകാർ സംഭവം ഫയർഫോഴ്സിൽ അറിയിച്ചു. തൊടുപുഴയിൽ നിന്നും രണ്ടും, കൂത്താട്ടുകുളത്തുനിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി. രണ്ട് യൂണിറ്റുകളും ഏകദേശം മുക്കാൽ മണിക്കൂർ സമയം കഠിനമായി പരിശ്രമിച്ചാണ് തീ അണച്ചത്. റബ്ബർ ഷീറ്റിലേക്ക് തീ പിടിച്ചത് വൈകിയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതാണ് തീ കൂടുതൽ വ്യാപിക്കാൻ കാരണമായത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 400 റബ്ബർ ഷീറ്റ്, ഫ്രിഡ്ജ്, ഓവൻ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം തീപിടുത്തത്തിൽ കത്തിനശിച്ചു. വീട്ടുകാർക്ക് പൊള്ളലൊന്നും പറ്റിയിട്ടില്ല. നാലര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർ ഓഫീസർ പി.ടി അലക്സാണ്ടറുടെ നേതൃത്വത്തിൽ ഷൗക്കത്തലി ഫവാസ് എം കെ, ലിബിൻ ജെയിംസ്, ശരത് എസ്, ഷിബിൻ ഗോപി, സച്ചിൻ സാജൻ, ജസ്റ്റിൻ ജോയ്, സന്ദീപ് വി ബി എന്നിവർ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.