 
കട്ടപ്പന :വൻതോതിൽ കല്ലും, മണ്ണും ഇടിഞ്ഞു വീണ് പുളിയൻമല കുട്ടിക്കാനം മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെ പതിനെന്നോടെ
പരപ്പിനും , ആലടിക്കുമിടയിൽ പാറമടക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മലയോര ഹൈവേയുടെ നിർമാണത്തിന്
അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതും. സമയബന്ധിതമായി സംരക്ഷണ ഭിത്തിനിർമിക്കാത്തതുമാണ് മണ്ണിടിച്ചിൽ ഉണ്ടാകാൻ കാരണം.
ഞായറാഴ്ച ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലിനു കാരണമായി. വലിയ പാറക്കഷണങ്ങൾ ഉൾപ്പെടെ വൻ തോതിൽ മണ്ണിടിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. ഇവിടെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ മാറിയതിനു തൊട്ടു പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്. . വാഹനങ്ങളുടെ വളരെ തിരക്കുള്ള പാതയാണിത്. ഈ സമയം ഇതു വഴി വാഹനങ്ങൾ വരാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. കുരിശു മലയോടു ചേർന്നു നിൽക്കുന്ന ഭാഗത്തെ മണ്ണ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് നീക്കിയിരുന്നു. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കാൻ വൈകിയതാണ് പ്രശ്നമായത്.നിർമാണ കമ്പനിയുടെ മണ്ണു മന്തി യന്ത്രങ്ങൾ സമീപത്ത് ഉണ്ടായിരുന്നതിനാൽ ഒരു വാഹനത്തിനു കടന്നു പോകാൻ കഴിയും വിധം മണ്ണു നീക്കി ഒരു മണിക്കൂറിനുള്ളിൽ ഗതാഗതം പുനസ്ഥാപിച്ചു.