 
ഇടുക്കി: കേരള ടൂറിസത്തെ സ്ത്രീസൗഹൃദമാക്കാൻ ഊർജ്ജിതമായ പ്രവർത്തനങ്ങളും നയരൂപീകരണവും ആവശ്യമാണെന്ന് മൂന്ന് ദിവസമായി മാങ്കുളത്ത് നടന്ന ആഗോള ലിംഗസമത്വഉത്തരവാദിത്ത വനിതാ സമ്മേളനം വിലയിരുത്തി. സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, യുഎൻ വിമൻ എന്നിവയുടെ സഹകരണത്തോടെ നടന്ന ത്രിദിന സമ്മേളനം സമാപിച്ചു.
വനിതാ സൗഹൃദ പദ്ധതികളുടെ പ്രാഥമിക ലക്ഷ്യങ്ങൾ നേടുന്നതിന് ഊർജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. ആദ്യപടിയെന്ന നിലയിൽ സ്ത്രീസൗഹൃദ സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ ക്രോഡീകരിച്ച് നടപ്പാക്കും. വനിതാ ടൂറിസ്റ്റുകൾക്കായി പ്രത്യേക ഹെൽപ് ലൈൻ, മൊബൈൽ ആപ് എന്നിവയും പരിഗണനയിലാണ്. വനിതാശിശു സൗഹൃദ ടൂറുകൾ വികസിപ്പിക്കുന്നതിൽ കേരള ടൂറിസം പിന്തുണ നൽകും.ടൂറിസം മേഖലയിലെ നേതൃനിരയിൽ സ്ത്രീകൾക്ക് അർഹമായ അവസരം ലഭിക്കുന്നതിനായി കേരള ടൂറിസം മുൻകയ്യെടുത്ത് സ്ത്രീകൾക്കായി പരിശീലന പരിപാടികളും നൈപുണ്യവികസന ക്ലാസുകളും സംഘടിപ്പിക്കുമെന്നും ശിഖാ സുരേന്ദ്രൻ പറഞ്ഞു.കേരള ടൂറിസം അഡിഷണൽ സെക്രട്ടറി ജഗദീശ് ഡി, കേരള ആർടി മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, യുഎൻ വിമൻ ഇന്ത്യ മേധാവി സൂസൻ ഫെർഗൂസൻ, ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം ഗ്ലോബൽ ചെയർമാൻ ഡോ. ഹാരോൾഡ് ഗുഡ്വിൻ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ സജീഷ് എസ് കെ, ടൂറിസം ഉപദേശകസമിതിയംഗം അനീഷ് കുമാർ പി കെ, കെടിഎം, ഭരണസമിതിയംഗം വി വിനോദ്, മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റ് വിമൽ റോയ്, അറ്റോയി മുൻ ചെയർമാൻ സാം ടി സാമുവൽ, സ്മാർട്ട് സെക്രട്ടറി ജസ്റ്റിൻ ജോസ്, അറ്റോയി പ്രസിഡന്റ് സുഭാഷ് ഘോഷ്, കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, എം പി ശിവദത്തൻ, അനി ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.