തൊടുപുഴ: ജില്ലയിലെ ചുമട്ട്, ടിംബർ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്തമായി നാളെ പണിമുടക്കും സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും പണിമുടക്ക് സംഘടിപ്പിക്കുന്നത് . സി.ഐ.റ്റി.യു, ഐ.എൻ.ടി.യു.സി, എ.ഐ.റ്റി.യു.സി, ബി.എം.എസ്,എസ്.ടി.യു, കെ.ടി.യു.സി(ജെ), കെ.ടി.യു.സി (എം) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കും മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യുക, ടിംമ്പർ തൊഴിലാളികൾക്ക് എ.എൽ.ഒ കാർഡ് അനുവദിക്കുക, അവരെ ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തുക, എൻഎഫ്എസ്എയിലെ കൂലിവർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.ജില്ലയിൽ 1098 തൊഴിലാളികളും 342 പെൻഷൻകാരും ക്ഷേമനിധി ബോർഡിന് കീഴിലുണ്ട്. മരങ്ങൾ മുറിച്ച് ലോഡ് ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുമുണ്ട്. ഇവർക്ക് തൊഴിൽ നഷ്ടപ്പെടുകയാണ്. രാവിലെ 11ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. മാർച്ചിൽ സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ്, എസ്.ടി.യു, കെ.ടി.യു.സി (ജെ), കെ.ടി.യു.സി (എം )സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ അണിനിരക്കും. വാർത്താ സമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ടി .ആർ സോമൻ, പി പി ജോയി, ജോസി വേളാച്ചേരിൽ, കെ പി റോയി , വി.എച്ച് നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.