തൊടുപുഴ: നൃത്താദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നാളെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധ‌ർണയും നടത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി നടത്തിയ സബ് ജില്ലാ, റവന്യൂ ജില്ലാ കലോത്സവങ്ങളിലെ നൃത്തയിനങ്ങളിലെ വിധി നിർണയത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ചാണ് മാർച്ച് നടത്തുന്നത്. നാളെ ഉച്ചക്കഴിഞ്ഞ് മൂന്നിന് മാരിക്കലിങ്കിലുള്ള സംഘടനയുടെ ഓഫീസിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിക്കും. വിധി നിർണയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടത്തിയവരെ ഇനിയുള്ള കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന്
ഒഴിവാക്കണമെന്നും ഇവരെ ഡീബാർ ചെയ്ത് മാതൃക കാണിക്കമെന്നും നൃത്താദ്ധ്യാപക സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിധി കർത്താക്കളെക്കുറിച്ചും ക്രമക്കേടിന് പ്രേരണ നൽകുന്നവരെ കുറിച്ചും കാലാകാലങ്ങളിൽ സംഘടന പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ അധികൃതർ ഈ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും സംഘടന വൈസ് പ്രസിഡന്റ് അമീന സണ്ണി, ജോയിന്റ് സെക്രട്ടറി ലതാ സുരേഷ്, ട്രഷറർ ശ്രീനിഷ രമേഷ്, എക്സിക്യൂട്ടീവ് അംഗം മത്തായി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.