തൊടുപുഴ:ലോട്ടറി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ഇതര ക്ഷേമനിധിയേക്കാൾ ആനുകൂല്യങ്ങൾ സർക്കാർ നൽകുമ്പോഴും ഭൂരിപക്ഷം തൊഴിലാളികളും അംഗങ്ങളാകാത്തത് ഗൗരവമായി കാണണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ലോട്ടറി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അംഗപരിമിതർക്കും അശരണർക്കും ഒരു ജീവിതമാർഗമാണ് ലോട്ടറി വിൽപ്പന. 1969 ൽ സംസ്ഥാനത്താരംഭിച്ച ലോട്ടറി ടിക്കറ്റൊന്നിന് 10 രൂപയും ഒന്നാം സമ്മാനം 50,000 രൂപയും ആയിരുന്നത് ടിക്കറ്റിന് 40 രൂപയും ബംബർ സമ്മാനം 25 കോടിയുമായി ഉയർന്നു. അശരണരായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം ലോട്ടറി ജനകീയമാക്കാൻ കഴിഞ്ഞതായും ഇവർക്കുള്ള അംഗീകാരത്തിന്റെ ഭാഗമാണ് യൂണിഫോം വിതരണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ടി ബിനു അദ്ധ്യക്ഷനായി. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു, ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി .സുകുമാർ, കൗൺസിലർ ജോസഫ് ജോൺ, ജി ഗിരീഷ് കുമാർ, ആർ വിനോദ്, അനിൽ ആനിക്കനാട്ട്, വി എൻ രവീന്ദ്രൻ, എം ആർ സഹജൻ തുടങ്ങിയവർ സംസാരിച്ചു.