 
കട്ടപ്പന :വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഏലക്കാവില 3000 കടന്നു. എന്നാൽ ഒട്ടുമിക്ക കർഷകർക്കും വില ഗുണമാകില്ല.
കഴിഞ്ഞ വേനൽക്കാലത്ത് അനുഭവപ്പെട്ട കടുത്ത ചൂട് വരുത്തിവെച്ച കൃഷിനാശത്തിന്റെ തുടർഫലങ്ങൾ ഇന്നും തുടർന്നു പോരുകയാണ്.
കഴിഞ്ഞ ദിവസം നടന്ന സുഗന്ധഗിരി സ്‌പൈസസിന്റെ ഇ -ലേലത്തിൽ ശരാശരി വില 3051.97 രൂപയാണ്. 180 ലോട്ടുകളിലായി 45,104 കിലോ ഏലക്ക പതിഞ്ഞു. 44,299 കിലോ വിറ്റുപോയി. ഉയർന്ന വില 3306 രൂപ. ഉച്ചകഴിഞ്ഞ് നടന്ന സിപിഎംസിഎസ് ഏജൻസിയുടെ ലേലത്തിൽ ശരാശരി വില 2998.67 ഉം ഉയർന്ന വില 3204 രൂപയുമാണ്. 220 ലോട്ടുകളിലായി പതിഞ്ഞ 66,350 കിലോയിൽ 63,125 കിലോ ഏലക്കയും വിറ്റുപോയി.
ഹൈറേഞ്ചിലെ കമ്പേളത്തിൽ 2800 2900 രൂപ വിലയുണ്ട്. ഏപ്രിൽ അവസാനത്തോടെയാണ് വില 2000 കടന്നത്. പിന്നീട് ഇടിവുണ്ടായിട്ടില്ല. നിലവിലെ സീസണിൽ തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണ്. വരൾച്ചയെ തുടർന്നുണ്ടായ വൻകൃഷിനാശം ഉൽപാദനം ഗണ്യമായി കുറച്ചതോടെ ഇപ്പോഴത്തെ വില വർധന കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യില്ല.
അന്നൊരു സുവർണ്ണകാലത്ത്
2019ലായിരുന്നു ഏലയ്ക്കയുടെ സുവർണകാലം. ഇ- ലേലത്തിൽ ഓരോ ദിവസവും വിലയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ സർവകാല റെക്കോർഡായ ഉയർന്ന വില 7000 രൂപയും ശരാശരി വില 4733 രൂപയും രേഖപ്പെടുത്തി. 2020 ജനുവരി നാലിന് നടന്ന ലേലത്തിലും ഉയർന്ന വിലയിലെ സർവകാല റെക്കോർഡായ 7000 രൂപയിൽ വീണ്ടും എത്തി. ശരാശരി വില 4000 കടന്നു. കൊവിഡിന് ശേഷമാണ് വില കുത്തനെ ഇടിഞ്ഞത്.
വില മെച്ചമായെങ്കിലും കഴിഞ്ഞ മാർച്ച് ഏപ്രിൽ മേയ് മാസങ്ങളിൽ അനുഭവപ്പെട്ട കടുത്ത ചൂട് ഏലം കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഏലച്ചെടികൾ വ്യാപകമായി നശിച്ചതിനൊപ്പം അവശേഷിച്ച ചെടികളിൽ വന്ന കായ് മുഴുവൻ പൊഴിഞ്ഞുപോകുന്ന സ്ഥിതിയും ഉണ്ടായിരുന്നു. പിന്നീടുണ്ടായ മഴ ചെടികൾക്ക് ആശ്വാസമായി.എങ്കിലും പതിവിലും വ്യത്യസ്തമായി നേരത്തെ ചരമിട്ടതും, ചരം മൂത്തു പോയതും വിനയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിൽ മികച്ച വില കമ്പോളത്തിൽ ലഭിക്കുന്നുണ്ടെങ്കിലും കർഷകർക്ക് പ്രയോജനകരമാകുന്നില്ല.
=നിലവിൽ പെയ്യുന്ന ന്യൂനമർദ്ദ മഴയും ചെടികൾ തഴയ്ക്കാൻ കാരണമാകുമെങ്കിലും ചരങ്ങളിൽ ഗുണമാകുകയില്ല എന്നാണ് കർഷകരുടെ അഭിപ്രായം.