elam

കട്ടപ്പന : കാഞ്ചിയാർ വെങ്ങാലൂർ കട സ്‌പൈസസ് വാലി കർഷകസംഘത്തിന്റെയും കട്ടപ്പന സ്‌പൈസസ് ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ഏലം ഗവേഷക സെമിനാർ സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം ,ഏലം കൃഷി പരിപാലനം,കാർഷിക പദ്ധതികൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.പതിറ്റാണ്ടുകൾക്ക് മുൻപ് കാലാവസ്ഥയിൽ ഉണ്ടായിരുന്ന വലിയ മാറ്റങ്ങൾ ഇന്ന് സാധാരണമാകുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വേനൽക്കാലത്ത് സംഭവിച്ച കൊടിയ വരൾച്ചയും വ്യാപകകൃഷി നാശവും. വേനൽചൂടിൽ ഏലം കൃഷി പാടെ നശിച്ചത് ജില്ലയിലെ കാർഷിക മേഖലയ്ക്ക് തന്നെ വലിയ വിള്ളലാണ് ഉണ്ടാക്കിയത്. അതിൽനിന്നും കരകയറി വന്ന കർഷകർക്ക് വീണ്ടും പ്രതിസന്ധികളുടെ വിവിധ മുഖങ്ങൾ നേരിടേണ്ടി വരുകയാണ്. ഒച്ചുശല്യവും, തത്തകളുടെ ശല്യവും വിവിധങ്ങളായ രോഗബാധകളും ഒപ്പം വിളവിലെ ലഭ്യത കുറവും കർഷകർക്ക് പ്രതിസന്ധിയായി മാറി. വിപണിയിൽ നിലവിൽ മികച്ച വില ലഭ്യമാകുന്നു എങ്കിലും കർഷകർക്ക് ഇത് ഗുണകരമാകുന്നില്ല. ഈ സാഹചര്യത്തിലാണ് കൃഷിയെ എങ്ങനെ പരിപോഷിപ്പിക്കാം സംരക്ഷിക്കാം എന്നീ ലക്ഷ്യങ്ങളോടെ സെമിനാർ സംഘടിപ്പിച്ചത്. ഏലം കൃഷിയിലെ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം മേധാവി ഡോ. മുത്തുസ്വാമി മുരുകൻ ക്ലാസുകൾ നയിച്ചു.

ഏലച്ചെടികളിലെ കീട നിയന്ത്രണം, സ്‌പൈസസ് ബോർഡിന്റെ വിവിധ കാർഷിക പദ്ധതികൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സൈന്റിസ്റ്റ് അജയ് ദിവാകരൻ, സീനിയർ അഗ്രികൾച്ചർ ഡെമോസ്‌ട്രേറ്റർ രജിത്ത് ടി രവീന്ദ്രൻ, താലൂക്ക് കൊ.ഓർഡിനേറ്റർ അമലു ജോഷി എന്നിവർ ക്ലാസുകൾ നയിച്ചു. കർഷകർക്ക് കൃഷിയിൽ അവലംബിക്കാവുന്ന വിവിധ കാര്യങ്ങളിൽ കർഷകർക്ക് അവബോധം നൽകി. കൂടാതെ കർഷകരുടെ സംശയങ്ങൾ പരിഹരിക്കുന്നതിന് ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു.സംഘം പ്രസിഡന്റ് ജോർജ് ജോസഫ്, വൈസ് പ്രസിഡന്റ് മുരളീധരൻ നായർ, സംഘം സെക്രട്ടറി പി കെ മോഹനൻ , മറ്റ് സംഘാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. നാൽപ്പതോളം കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.