തൊടുപുഴ:നാടിനെ നടുക്കിയ ഷെഫീക്ക് വധശ്രമ കേസിലെ വാദം പൂർത്തിയായി. തൊടുപുഴ ഒന്നാം അഡീഷ്ണൽ കോടതിയിലാണ് പൂർത്തിയായത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കോടതി കേട്ടു. 2021ൽ തുടങ്ങിയ വിചാരണ കഴിഞ്ഞ ആഗസ്റ്റിൽ പൂർത്തിയായിരുന്നു. 2013 ജൂലായിലാണ് നാലര വയസ്സുകാരൻ ഷെഫീക്ക് പ്രതികളായ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിന് ഇരയായത്. സംഭവശേഷം ഷെഫീക്ക് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്. ഏറെനാളത്തെ ചികിത്സക്ക് ശേഷമാണ് ഷെഫീഖ് അപകടനില തരണം ചെയ്തത്. തലച്ചോറിനേറ്റ ഗുരുതര പരിക്ക് കുട്ടിയുടെ ബുദ്ധിവികാസത്തേയും സംസാരശേഷിയേയും ബാധിച്ചു. നടക്കാനും കഴിയില്ല. ആഗസ്റ്റിൽ ജഡ്ജി ആഷ് കെ. ബാൽ ഷെഫീക്കിനെ ആശുപത്രിയിൽ നേരിട്ടെത്തി കണ്ടിരുന്നു. ആരോഗ്യനില മനസിലാക്കാനായിരുന്നു സന്ദർശനം. ഈ മാസം തന്നെ കേസിൽ വിധി പറഞ്ഞേക്കുമെന്നാണ് സൂചന. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി .എസ് രാജേഷ് ഹാജരാകും.