തൊടുപുഴ: ഭാരം ചുമന്നും കാളവണ്ടികളിലും കയറ്റി സഞ്ചരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, അതിന്റെ ഓർമ്മകളും പേറി ഇന്നും തൊടുപുഴ നഗരസഭ പാർക്കിന്റെ ഓരത്ത് ഇപ്പോഴും മഴയും വെയിലും ശിരസാവഹിച്ചുകൊണ്ട് സ്ഥിതിചെയ്യുന്നുണ്ട് ഒരു ചുമടുതാങ്ങി. പാർക്കിന്റെ കവാടം കടന്ന് ഇടുതുവശത്ത് മാറി ഏകദേശം 5-6അടി ഉയരത്തിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ലിലാണ് ചുമടുതാങ്ങി സ്ഥിതിചെയ്യുന്നത്. 'പീടികപ്പറമ്പിൽ കറപ്പുപ്പിള്ള' എന്നും ആലേഖനവും ചെയ്തിരിക്കുന്നതും കാണാം. ആ പേരിന്റെ പിന്നിലെ ചരിത്ര വഴിയിലൂടെയുള്ള യാത്ര അവസാനിച്ചത് ആലേഖനം ചെയ്ത പേരിന്റെ ആളുടെ കൊച്ചുമകനായ പി.കെ. അനിൽകുമാർ എന്ന വ്യക്തിയിലാണ്. അനിൽകുമാ‍ർ വ്യാപാരിയും മർച്ചന്റ്സ് അസോസിയേഷൻ ട്രഷററുമാണ്. അദ്ദേഹത്തിന്റെ മുത്തശ്ശന്റെ ഈ ചരിത്രം അനിൽകുമാറിന്റെ ഭാര്യയായ മിനുവിനും മക്കളായ പ്രിയക്കുംപ്രീനുവിനും എന്നും അഭിമാനകരമാണ്.

ഓർമകളുടെ നൂറ്റാണ്ട്

1930-40 കാലഘട്ടത്തിൽ ഇത്തരത്തിലൊരു ആശയം വന്നതിൽ ആശ്ചര്യമില്ല. എന്നാൽ ആ ആശയം ഉദിച്ചത് ആ കാലത്തെ തിയേറ്റർ ഉടമയും കോൺട്രാക്ടറുമായിരുന്ന പീടികപ്പറമ്പിൽ കറപ്പുപിള്ള നാരായണപിള്ള എന്ന വ്യക്തിയിലാണ്.അദ്ദേഹം തൊടുപുഴ പുഴയുടെ മുകളിൽ തീർത്ത പഴയപാലത്തിന്റെ നിർമ്മിതിക്കു പിന്നിലും ഇദ്ദേഹത്തിന്റെ കരങ്ങളുണ്ട്. ആ പാലം ഒലിച്ചുപോവുകയും പിന്നീട് പുതിയ പാലം നിർമ്മിക്കുകയുമായിരുന്നു. നാടിനായി അനേകം പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹം ആളുകളുടെ കഷ്ടപ്പാട് മനസ്സിലാക്കി സ്വന്തം ചെലവിൽ അവർക്ക് സഹായഹസ്തം നൽകിയതും ചുമടുതാങ്ങിയുടെ ചരിത്രം. ആ ചരിത്രത്തിന് ഇന്ന് 94 വർഷത്തെ പഴക്കമുണ്ട്.ആദ്യം ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്തായിരുന്നു ഇത് സ്ഥാപിച്ചത്. ആ കാലത്ത് ഉടുമ്പന്നൂർ,​ പൂമാല,​ വണ്ണപ്പുറം,​ പെരിങ്ങാശ്ശേരി ഭാഗത്ത് നിന്ന് തലയിൽ ചുമടുമായി കാൽനടയായി നഗരത്തിലെത്തുവർക്ക് പരസഹായം കൂടാതെ ചുമടു ഇറക്കിവെക്കാനും ആശ്വാസം പകരാനും ചുമടിതാങ്ങിക്കായി. അന്ന് അവരുടെ ക്ഷീണം അകറ്റാൻ അതിന് സമീപത്തായി കലത്തിൽ മോരും വെള്ളവും വെച്ചിട്ടുണ്ടായിരുന്നു. അതും കുടിച്ച് അനേകായിരങ്ങളുടെ ദാഹമകറ്റാനും കഴിഞ്ഞു. കാലം മാറി നിരത്തുകൾ മോട്ടോർവാഹനം കീഴടക്കിയതോടെ ചുമടുതാങ്ങിയുടെ സ്ഥാനം മണ്ണിനടിയിലേക്ക് മാറിയതിനാൽ വർഷങ്ങൾക്കിപ്പുറം പാർക്കിന്റെ ഓരത്തേക്ക് മാറ്റുകയായിരുന്നു.

2005ൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന എ.എം. ഹാരിദ്,​ മർച്ചന്റ്സ് അസോസിയേഷൻ അംഗം സാലി എസ്.മുഹമ്മദ് എന്നിവർ എനിക്കൊപ്പം പാർക്കിലേക്ക് ചുമടുതാങ്ങി മാറ്റിസ്ഥാപിക്കാൻ നേതൃനിരയിലുണ്ടായിരുന്നു.

(അനിൽകുമാർ പി.കെ. നാരായണപിള്ളയുടെ കൊച്ചുമകൻ)​