kudumbashree
സ്നേഹിതയുടെ പത്താം വാർഷികം കെ.കെ.ഷൈലജ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം, കൗൺസിലിംഗ്, നിയമസഹായം എന്നിവ നൽകുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പത്താം വാർഷികം ചെറുതോണി ടൗൺഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷത വഹിച്ചു. . ‘സ്ത്രീ ശാക്തീകരണവും സാമൂഹിക-സാമ്പത്തിക പുരോഗതിയും ലക്ഷ്യമാക്കി സ്നേഹിത നൽകിയ സംഭാവനകൾ ഏറെ വലിയവയാണ്. ഫ്യൂഡൽ വ്യവസ്ഥകളെ മാറ്റി നിറുത്തുകയും സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീ നിർണായക മാറ്റങ്ങൾ സൃഷ്ടിക്കുകയാണെന്നും ഷൈലജ പറഞ്ഞു.

ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ‘കെ-ഫോക്കസ്’ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കനസ് ജാഗ ഹ്രസ്വചിത്ര മത്സരത്തിലെ വിജയികളെ കളക്ടർ ആദരിച്ചു. ശുചിത്വോത്സവം 2.0 പ്രബന്ധ മത്സരത്തിലെ വിജയികളെ കേരള സാഹിത്യ അക്കാദമി അംഗമായ വിജയരാജമല്ലിക ആദരിച്ചു. മികച്ച ജെൻഡർ റിസോഴ്‌സ് സെന്റർ (ജി.ആർ.സി) അവാർഡും കോവിൽമല രാജാവ് രാമൻ രാജമന്നൻ സമ്മാനിച്ചു.സോയ തോമസ്,പ്രമീള എ.എസ് (ഡബ്ല്യു പി.ഒ)​ സന്തോഷ് ആർ, ജിൻസൺ മാത്യു(ഡി.വൈ.എസ്.പി) എന്നിവരും ചടങ്ങിൽ സംസാരിച്ചു.സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. കൗൺസിലർ സരളമ്മ ബി. റിപ്പോർട്ടും അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മിനി സി.ആർ സ്വാഗതവും ജില്ലാ ജെൻഡർ പ്രോഗ്രാം മാനേജർ സൗമ്യ ഐ.എസ് നന്ദിയും പറഞ്ഞു.