തൊടുപുഴ : വയനാടിനോട് കേന്ദ്രസർക്കാർ കാണിക്കുന്ന അനീതിക്കെതിരെ എൽ.ഡി.എഫിനൊപ്പം നിന്ന് പോരാടാൻ കോൺഗ്രസ് തയാറാകണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. നിവേദനം നൽകിയതുകൊണ്ടു മാത്രം അത് തിരുത്താൻ കഴിയില്ലെന്ന് കോൺഗ്രസ് ഓർക്കണം.
വയനാടിനോടുള്ള കേന്ദ്ര അനീതിക്കെതിരെ തൊടുപുഴ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കേരളം ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ആണ് കണ്ടത്.
വയനാട്ടിലേത് തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി നിവേദനത്തിൽ ആവശ്യപ്പെട്ടപ്പോൾ, പണത്തിന്റെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകുകയും ചെയ്തതാണ്.
എന്നാൽ പ്രധാനമന്ത്രി നടത്തിയത് എല്ലാം അഭിനയമായിരുന്നെന്ന് കേരളത്തിന് ബോധ്യമായി.
കേരളത്തിന്റെ ആവശ്യങ്ങൾ എല്ലാം നിഷ്കരുണം തള്ളി കേന്ദ്രസർക്കാർ കേരളത്തെ ചതിക്കുകയായിരുന്നു.
എയിംസ് അനുവദിക്കുന്നതിൽ അടക്കം കേരളത്തോട് കാണിക്കുന്ന വിവേചനത്തിന്റെ തുടർച്ചയാണ് ദുരന്തമുഖത്തെ ഈ രാഷ്ട്രീയ പകപോക്കൽ. ഇതിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ചെറുത്തുനിൽപ്പ് ഉണ്ടാകണമെന്നും പ്രകാശ് ബാബു പറഞ്ഞു.എൽഡിഎഫ് ജില്ലാ കൺവീനർ കെ സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രൻ, ,സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ, ജോസ് പാലത്തിനാൽ, പ്രൊഫ. കെ. ഐ ആന്റണി, അനിൽ കുവപ്ലാക്കൽ, ജോർജ് അഗസ്റ്റിൻ, പോൾസൺ മാത്യു , കോയ അമ്പാട്ട്, കെ.എൻ റോയി , കെ.എം ജബ്ബാർ ,പി.കെ വിനോദ് , സി ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വി.വി മത്തായി സ്വാഗതം പറഞ്ഞു
പ്രിൻസ് മാത്യു, വി ആർ പ്രമോദ്, സുനിൽ സെബാസ്റ്റ്യൻ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫൈസൽ, ടി.ആർ സോമൻ, പി.പി സുമേഷ്, ശിവൻ നായർ, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.