തൊടുപുഴ: ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് വൈ.എം.സി.എ കപ്പ് ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് നാളെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് തൊടുപുഴ വൈ.എം.സി.എ ഓഫീസിന് സമീപം തോപ്പൻസ് സ്വിമ്മിങ് സെന്ററിൽ നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും. ജില്ലാ അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്റ്റനിസ്ലാവോസ് ആന്റണി അദ്ധ്യക്ഷനാകും. സംസ്ഥാനത്തെ വിവിധ ക്ലബുകളിൽ നിന്ന് 10 മുതൽ 85 വരെ പ്രായമുള്ള 150 താരങ്ങൾ പങ്കെടുക്കും. എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ഒരാൾക്ക് മൂന്നിനങ്ങളിൽ മത്സരിക്കാം. ഓവറോൾ ജേതാക്കൾക്ക് പുളിമൂട്ടിൽ സിൽക്സ് സ്പോൺസർ ചെയ്യുന്ന വൈ.എം.സി.എ കപ്പാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് മാമ്മൂട്ടിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന അലീനാ മോളി അഗസ്റ്റിൻ ഏവർറോളിങ് ട്രോഫിയും ലഭിക്കും. ഓരോ ഗ്രൂപ്പിലെയും വ്യക്തിഗത ജേതാക്കൾക്ക് എക്സിമിയോസ് ഡിജിറ്റൽ സൊല്യൂഷൻ സ്പോൺസർ ചെയ്യുന്ന മൊമെന്റോയും ലഭിക്കും. സമാപന സമ്മേളനത്തിൽ പുളിമൂട്ടിൽ സിൽക്സ് മാനേജിങ് ഡയറക്ടർ റോയ് ജോൺ സമ്മാനം വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ വൈ.എം.സി.എ പ്രസിഡന്റ് ബിസു ബേബി, ട്രഷറർ ജോയ് തോമസ്, സ്റ്റാനിസ്ലാവോസ് ആന്റണി, റോയ് ജോൺ, ബിജുമോൻ എന്നിവർ പങ്കെടുത്തു.