പൂമാല: സർക്കാർ പണം നൽകാത്തതിനാൽ ഗോത്ര വർഗ വിദ്യാർത്ഥികൾക്ക് പൂമാല ട്രൈബൽ സ്‌കൂളിൽ നൽകി വന്നിരുന്ന പ്രഭാത ഭക്ഷണ പദ്ധതി മുടങ്ങിയത് ക്രൂരനടപടിയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. പി.ടി.എ സമാഹരിച്ച പണം കൊണ്ടാണ് എൽ.പി, യു.പി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വിദ്യാഭ്യാസ വർഷം പദ്ധതി പൂർത്തിയാക്കിയത്. നടപ്പുവർഷം പദ്ധതി നടപ്പാക്കാൻ പോലുമാകാത്തത് വേദനാജനകമാണ്. ഉരുൾപൊട്ടലും പ്രളയവും വരൾച്ചയും മാറിമാറി തകർത്ത മേഖലകളിലെ കുട്ടികളാണ് ഇവരെല്ലാം. സർക്കാർ ഫണ്ട് കൈമാറാത്തതിനാൽ ത്രിതല പദ്ധതികൾ അവതാളത്തിലാണ്. അടിയന്തിരമായി ട്രൈബൽ വകുപ്പ് വഴി ഗോത്ര വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എം. മോനിച്ചൻ പറഞ്ഞു.