തൊടുപുഴ: പോസ്റ്റൽ വകുപ്പിന്റെ കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന സോർട്ടിംഗ് ഓഫീസ് നിലനിറുത്താൻ തീരുമാനം. രാജ്യത്ത് നടപ്പാക്കാൻ പോകുന്ന രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ് ഓഫീസുകളുടെ ലയനത്തെ തുടർന്നാണ് തൊടുപുഴ ഉൾപ്പെടെ കേരളത്തിലെ 12 സോർട്ടിംഗ് ഓഫീസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചത്. ഇതിൽ തൊടുപുഴ, തിരൂർ, കാസർകോഡ് ഓഫീസുകൾ നില നിനിറുത്താനാണ് ഇപ്പോൾ തീരുമാനമായത്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്നാണ് സോർട്ടിംഗ് ഓഫീസ് തൊടുപുഴയിൽ തന്നെ നിലനിറുത്താൻ നടപടിയായത്. ഇതിനു പുറമെ സ്പീഡ് പോസ്റ്റുകൾ നേരിട്ടു കൈകാര്യം ചെയ്യുന്ന ഇൻട്രാ സർക്കിൾ ഹബ് കൂടി തൊടുപുഴയിൽ ആരംഭിക്കും. ജില്ലയിൽ ഒരേയൊരു സോർട്ടിംഗ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമായി ഉയർന്നിരുന്നു. ഓഫീസ് നിർത്തലാക്കിയാൽ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് ലഭിക്കാൻ വൈകാനിടയാക്കുമെന്നതും പ്രതിഷേധത്തിനു കാരണമായി. നേരത്തെ തന്നെ സ്പീഡ് പോസ്റ്റ്, പാഴ്സൽ ഉരുപ്പടികളുടെ സോർട്ടിംഗ് തൊടുപുഴയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇത് മൂലം ഇപ്പോൾ തന്നെ ജില്ലയിൽ ഇത്തരം ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നുണ്ട്. രജിസ്റ്റേർഡ്, ഓർഡിനറി തപാലും ഇത്തരത്തിൽ മാറ്റി ഓഫീസ് പൂർണമായി അടച്ചു പൂട്ടാനായിരുന്നു നീക്കം. ഇത് പ്രാവർത്തികമായാൽ മൂവാറ്റുപുഴ, തൊടുപുഴ, കുമളി, കട്ടപ്പന, മൂന്നാർ തുടങ്ങി ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ മേഖലകളിൽ തപാൽ വിതരണത്തിന്റെ കാര്യക്ഷമത ഗണ്യമായി കുറയുമെന്നായിരുന്നു വിലയിരുത്തൽ.

രാജ്യത്താകെ 216 ആർ.എം.എസ് ഓഫീസുകൾ നിറുത്തലാക്കാനായിരുന്നു തീരുമാനം. നേരത്തെ പോസ്റ്റൽ യൂണിയൻ നേതാക്കൾ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനെ കണ്ട് നിവേദനം നൽകിയിരുന്നു.

30 വർഷമായുള്ള ഓഫീസ്

തൊടുപുഴയിൽ മൂന്നു പതിറ്റാണ്ടായി ഓഫീസ് പ്രവർത്തിച്ചു വരികയായിരുന്നു. ഇടുക്കി ജില്ലയ്ക്കു പുറമെ മൂവാറ്റുപുഴ, വാഴക്കുളം, കല്ലൂർക്കാട്, പോത്താനിക്കാട്, രാമമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള തപാൽ ഉരുപ്പടികളും ഇവിടെ നിന്നാണ് തരംതിരിച്ചയയ്ക്കുന്നത്. 64 പിൻകോഡുകളിലെ തപാൽ ഓഫീസുകളിലേയ്ക്കുള്ള ഉരുപ്പടികളാണ് ഇവിടെ കൈകാര്യം ചെയ്തിരുന്നത്. ദിവസേന അയ്യായിരത്തോളം രജിസ്റ്റേർഡ് കത്തുകളാണ് ഇവിടെ നിന്ന് സോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ സർക്കാർ കത്തുകൾ, പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ കാൽ ലക്ഷത്തോളം തപാൽ ഉരുപ്പടികളും ഇവിടെയെത്തിയ ശേഷമാണ് മേൽവിലാസക്കാരന്റെ പക്കലെത്തുന്നത്. തൊടുപുഴയിൽ തരംതിരിയ്ക്കൽ നടത്തിയിരുന്നപ്പോൾ തന്നെ ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പെടെ തപാൽ ഉരുപ്പടികൾ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. കൊച്ചിയിലേയ്ക്ക് ഓഫീസ് മാറ്റാനിടയായാൽ ഇത് വീണ്ടും വൈകാനിടയാക്കും. മുപ്പതോളം സ്ഥിരം പോസ്റ്റൽ ജീവനക്കാരും പത്തോളം ദിവസ വേതനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓഫീസ് നിറുത്തലാക്കിയാൽ താത്കാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടമാകുമെന്ന സ്ഥിതി വിശേഷവും സംജാതമായിരുന്നു.

ഇൻട്രാ സർക്കിൾ ഹബ് വേഗത്തിലാക്കും

സോർട്ടിംഗ് ഓഫീസ് നിലനിറുത്തുന്നതിന് പുറമെ സ്പീഡ് പോസ്റ്റുകൾ നേരിട്ട് കൈകാര്യം ചെയ്യുന്ന ഇൻട്രാ സർക്കിൾ ഹബ് കൂടി തുറക്കുന്നതോടെ സ്പീഡ് പോസ്റ്റുകൾ മേൽവിലാസക്കാരന് ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവാകും. നേരത്തെ സ്പീഡ് പോസ്റ്റുകൾ കൊച്ചിയിലെത്തിച്ച് സോർട്ടിംഗ് നടത്തിയ ശേഷമാണ് ഇടുക്കിയിലെ മേൽവിലാസക്കാരനെ തേടിയെത്തിയിരുന്നത്. ഇനി തൊടുപുഴയിൽ തന്നെ സോർട്ടിംഗ് നടക്കുമെന്നതിനാൽ വേഗത്തിൽ തന്നെ സ്പീഡ് പോസ്റ്റുകൾ മേൽവിലാസക്കാരന്റെ കൈകളിലെത്തിക്കാനാവും.