 
 ഇതുവരെ ക്യാമറയിൽ പെട്ടില്ല  പിടിക്കാൻ കൂട് സ്ഥാപിക്കാൻ മടിച്ച് വനം വകുപ്പ്
കുമളി: ജനങ്ങൾ പുലിയെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ പെടാതെ പുലികൾ ദിവസവും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ഭീതി പരത്തുന്നു. കുമളി പഞ്ചായത്തിലെ അമരാവതി, അട്ടപ്പള്ളം, ഒട്ടകത്തലമേട്, എ.കെ.ജി പടി, നാലാം മൈൽ, ചെളിമട, സ്പ്രിങ് വാലി, ചക്കുപള്ളം പഞ്ചായത്തിലെ കുങ്കിരിപ്പെട്ടി, അണക്കര, ചെല്ലാർകോവിൽ പ്രദേശങ്ങളിലാണ് ഒരു മാസമായി പുലിയും കടുവയും മാറി മാറി ജനവാസ മേഖലകളിൽ ഇറങ്ങുന്നത്. അമരാവതിയിൽ കൂട്ടിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ പുലി പിടിച്ചത് ജനങ്ങളിൽ ഭയം വർദ്ധിപ്പിക്കുന്നതിന് കാരണമായി. സന്ധ്യ മയങ്ങിയാൽ ആരും വീടിന് പുറത്തിറങ്ങാത്ത അവസ്ഥയാണ്. പലരുടെയും വീടിനു മുന്നിലും പിന്നിലുമൊക്കെ പുലിയെ കണ്ടതായി ദിവസവും വാർത്തകൾ വരുമ്പോഴും നാട്ടിലുള്ള ഒരു സി.സി.ടി.വി ക്യാമറയിലും പുലി പെട്ടില്ലന്നത് എറ്റവും വിചിത്രമായി തോന്നുന്നു. പുലിയാണോ കടുവയാണോയെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് പുലിയെ കണ്ടുവെന്ന് പറഞ്ഞയിടത്ത് മിക്കയിടത്തും ക്യാമറാ സ്ഥാപിച്ചെങ്കിലും അമരാവതി നാലാം മൈലിൽ സ്ഥാപിച്ച ക്യാമറയിൽ മാത്രമാണ് ഒരു കടുവയുടെ ചിത്രം ലഭിച്ചത്. ഇത് തമിഴ്നാട് വനമേഖലയിൽ നിന്ന് ഇര തേടി വന്ന കടുവയാണെന്നാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ കണക്ക് കൂട്ടൽ. ഏറ്റവും അവസാനമായി കുമളി ഒട്ടകത്തല മേട്ടിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ രാവിലെ 5.30ന് പുലിയെ കണ്ടതാണ്. റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ മനോജ് റിസോർട്ടിനോട് ചേർന്നുള്ള കുളത്തിലെ മോട്ടർ പ്രവർത്തിപ്പിക്കുന്നതിനായി അവിടേയ്ക്കുള്ള ഗേറ്റ് തുറന്നപ്പോഴാണ് ഗേറ്റിനു സമീപം പുലിനിൽക്കുന്നത് കണ്ടത്. റിസോർട്ടും പരിസരവും മുഴുവൻ സമയ സി.സി.ടി.വി ക്യാമറാ നിരീക്ഷണത്തിലാണെങ്കിലും പുലിയെ കണ്ട ഭാഗത്ത് മാത്രം ക്യാമറാ സ്ഥാപിച്ചിട്ടില്ലായിരുന്നു. പുലിയാണെന്ന് ബോദ്ധ്യമായതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടച്ച് ഓടി രക്ഷപ്പെടുകയും മറ്റ് റിസോർട്ട് ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. റിസോർട്ട് മാനേജർ വനം വകുപ്പിൽ വിവരം അറിയിക്കുകയും വനപാലകർ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തെങ്കിലും പുലിയെ കണ്ടെത്താനായില്ല. റിസോർട്ടിലെ താമസകാർക്കുള്ള മുറികളുടെ ഭാഗത്ത് നിന്ന് വലിയ ദൂരത്തല്ലാതെയാണ് പുലിയെ കണ്ടതെന്നത് ഗൗരവകരമാണ്. പുലിയെ കണ്ടുവെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുന്ന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രി കാലങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിങ് നടത്തി ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നു.
കുമളിയിൽ കോൺഗ്രസ്
എക ദിന ഉപവാസ സമരം ഇന്ന്
കുമളി പഞ്ചായത്തിലെ വന്യമൃഗ ശല്യം ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ കുമളി പഞ്ചായത്ത് പൊതുവേദിയിൽ ഉപവാസ സമരം നടത്തും. മണ്ഡലം പ്രസിഡന്റ് പി.പി. റഹീം, പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട് എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകും.