akhil

നെടുങ്കണ്ടം: തൂക്കുപാലം ചന്ദന മോഷണ കേസിൽ കേസിൽ ഏഴാമത് പ്രതിയും വനംവകുപ്പിന്റെ പിടിയിലായി. മുഖ്യപ്രതികളിൽ ഒരാളായ ചോറ്റുപാറ ശ്രീരാമനിലയത്തിൽ അഖിലാണ് (ലഗീരൻ- 33) അറസ്റ്റിലായത്. കേരള പൊലീസിന്റെ തണ്ടർ ബോൾട്ട് മുൻ സേനാംഗം തൊടുപുഴ ഉടുമ്പന്നൂർ ചെരുവുപറമ്പിൽ സുനീഷ് ചെറിയാനെ (36) ചന്ദനവുമായി സന്യാസിയോടയിൽ നിന്ന് അറസ്റ്റു ചെയ്‌തതോടെയായിരുന്നു കേസിന് തുടക്കം. ഇയാളുടെ മൊഴിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ചു പേർ അറസ്റ്റിലായി. ഇതോടെ അഖിൽ കർണ്ണാടകയിലേക്ക് കടന്നു. പിന്നീട് കർണാടകയിൽ നിന്ന് ഇയാൾ തമിഴ്നാട്ടിലെ കമ്പത്ത് എത്തി. ഇവിടെ ലോറി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ വനപാലകർ തന്നെ തിരിച്ചറിഞ്ഞതായി മനസ്സിലാക്കി തൂക്കുപാലത്തെത്തി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് തൂക്കുപാലത്തിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നാണ് വനപാലകർ നൽകുന്ന സൂചന. പ്രതിയെ കോടതിയിൽ ഹാജരാക്കി. കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി എം. ജേക്കബ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. നിഷാദ്, ഇ.എസ്. ഷൈജു, അനിൽ ലാൽ, സായി കൃഷ്ണൻ, അരുൺ ജോയ്, ജോബിൻ ഫ്രാൻസിസ്, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.