കട്ടപ്പന :കഴിഞ്ഞ ദിവസം കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടത്തിലേയ്ക്ക് ബസ് ഇടിച്ചു കയറി അപകടം ഉണ്ടായ സാഹചര്യത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ക നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമിക്ക് നിവേദനം നൽകി.

ബസുകളുടെ സാങ്കേതിക തകരാറുകൾ മൂലമോ ഡ്രൈവർമാരുടെ അശ്രദ്ധയോ മറ്റ് പിഴവുകളോ മൂലമോ ബസ് സ്റ്റാൻഡിനുള്ളിൽ അപകടങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കെ.എസ്ആർടി.സി ബസ് ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ നിർമ്മിക്കണമെന്നാണ് ആവശ്യം .പുതിയ സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് വേണ്ടി ബസുകൾ പാർക്ക് ചെയ്യുന്ന നാല് സ്ഥലങ്ങളിലും ബസുകളുടെ മുൻവശത്തുള്ള ടയറുകൾ തടഞ്ഞ് നിൽക്കാൻ കഴിയുന്ന തരത്തിലുള്ള ഡിവൈഡറുകൾ നിർമ്മിക്കുവാൻ ആവശ്യമായ അടിയന്തിര നടപടികൾ കട്ടപ്പന മുനിസിപ്പൽ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കൂടാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഭീക്ഷണിയാകുന്ന തരത്തിൽ ബസ് സ്റ്റാൻഡിൽ കൂടി അനിയന്ത്രിതമായി സ്വകാര്യ വാഹനങ്ങൾ കയറിയിറങ്ങുന്നതും അനധികൃതമായി പാർക്ക് ചെയ്യുന്നതും തടയുന്നതിന് വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ പി വി ബിജു , ബിജു ചാക്കോ, പി ടി രഞ്ജിത്ത് , പി എൻ അശോകൻ , ബിനീഷ് മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ജീവനക്കാരുടെ ഒപ്പുകൾ രേഖപ്പെടുത്തിയ നിവേദനം കട്ടപ്പനനഗരസഭാ ചെയർപേഴ്സൺ ബീന ടോമിക്ക് കൈമാറുന്നു