കട്ടപ്പന: പുതിയ സ്റ്റാൻഡിൽ ഇരിപ്പിടത്തിലിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ബൈസൺവാലി സ്വദേശി സിറിൾ വർഗീസിനെതിരെയാണ് ഇടുക്കി ആർ.ടി.ഒയുടെ നടപടി. ഒരുമാസത്തേയ്ക്കാണ് സസ്‌പെൻഡ് ചെയ്തത്. കൂടാതെ, എടപ്പാൾ ഐഡിടിആർഇയിൽ ഒരുമാസത്തെ ഡ്രൈവിങ് പരിശീലനത്തിനും അയച്ചു. കഴിഞ്ഞ് 3നാണ് അപകടം. സ്റ്റാൻഡിലെത്തിയ ബസ് പാർക്ക് ചെയ്യുന്നതിനിടെ മുന്നോട്ടുനീങ്ങി ടെർമിനലിനുള്ളിലെ ഇരിപ്പിടത്തിലിരിക്കുകയായിരുന്ന കുമളി അരമിന്നിയിൽ വിഷ്ണു പതിരാജി(25)ന്റെ ദേഹത്തേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. യുവാവ് ബസിന്റെയും ഇരിപ്പിടത്തിന്റെയും ഇടയിലായി കുടുങ്ങി. ബസ് പെട്ടെന്ന് പിന്നോട്ടെടുത്തതിനാൽ വൻഅപകടം ഒഴിവായി. കാലിന്റെ മുട്ടിനുപരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.