തൊടുപുഴ: കിം കിം... ഈണത്തിൽ പാടി,​ 'മനസ്സിലായോ" ഗാനത്തിന് താളത്തിൽ നൃത്തമാടി കുട്ടികളുടെ മുന്നിൽ സൂക്ഷ്മദർശിനിയായി മഞ്ജു വാര്യർ മാറി. പിന്നീട് കണ്ടത് ലേഡി സൂപ്പർ സ്റ്റാറിനെയല്ല,​ കുട്ടികളേക്കാൾ കൊച്ചു കുട്ടിയായി മാറിയ മഞ്ജുവിനെയാണ്. താരജാഡകളില്ലാതെ ജാക്ക് ആന്റ് ജില്ലിലെ പാട്ട് പാടുകയും നൃത്തമാടുകയും ചെയ്തതോടെ തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ ജില്ലാഭരണകൂടവും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന നടത്തിയ 'ചിന്ന ചിന്ന ആശൈ" പരിപാടി കളറായി. കുട്ടികൾ മഞ്ജുവിനെ കെട്ടിപ്പിടിച്ചും നെറുകയിൽ ചുംബിച്ചുമാണ് സ്വീകരിച്ചത്. തങ്ങൾക്ക് കിട്ടിയ റോസാപുഷ്പങ്ങൾ കാറ്റിൽ പറത്തി കുട്ടികൾ വേദിയെ ആഘോഷമാക്കി. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ നടി കിം കിം പാട്ട് ഈണത്തിൽ പാടിയപ്പോൾ കുട്ടികളും ഏറ്റുപാടി. കുട്ടികളുടെ ഏക ആവശ്യം താരം അവർക്കൊപ്പം ഡാൻസ് കളിക്കണമെന്നും ഫോട്ടോയെടുക്കണമെന്നുമായിരുന്നു. കുഞ്ഞുങ്ങളുടെ മോഹമല്ലേ,​ മഞ്ജു യെസ് മൂളി. ഉടൻ തന്നെ 'മനസ്സിലായോ" പാട്ട് മുഴങ്ങി, കുട്ടികളെല്ലാം നടുത്തളത്തിലേക്കിറങ്ങി ചുവടുകൾ വെച്ചു. ഇതിനിടെ പെൺകുട്ടികൾക്കൊപ്പമാണ് താരം കൂടുതൽ സമയം ചെലവഴിച്ചതെന്ന് ആൺകുട്ടികൾ ചെറിയ പരിഭവം പറഞ്ഞു. ഇതോടെ വേദിയിലെ ഒടുവിലെ നിരയിൽ വരെ നടന്നുചെന്ന് ആൺകുട്ടികളോടും പെൺകുട്ടികളോടും നടി വിശേഷങ്ങൾ തിരക്കി. സംവാദവേളയിൽ ഒരു പയ്യൻ എഴുന്നേറ്റ് നിന്ന് മേഡത്തിന്റെ ഹിസ്റ്ററി എന്താണെന്ന് ചോദിച്ചപ്പോൾ ജനനം മുതൽ സിനിമയിൽ എത്തിയത് വരെയുള്ള കഥ വളരെ രസകരമായി മഞ്ജുവാര്യർ പങ്കുവെച്ചു. ശിശുദിനത്തിന്റെ ഭാഗമായി വിവിധ സംരക്ഷണകേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്ന 'ചിന്ന ചിന്ന ആശൈ" പദ്ധതി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ ആശയമാണ്. പരിപാടിയിൽ ഇതുവരെ ഏകദേശം 90 ശതമാനത്തോളം പേർക്ക് സമ്മാനം നേരിട്ടും ഓൺലൈനായും ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ പോകുന്ന ന്യൂമാൻ കോളേജിലെ എൻ.സി.സി വനിത ബാന്റ് സംഘത്തെ കളക്ടറും മഞ്ജു വാര്യരും അഭിനന്ദിച്ചു. മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കർ ക്ലാസ് നയിച്ചു. സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി.എം. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിയായ അഖില ബിജോയ് സ്വാഗതവും ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ നന്ദിയും പറഞ്ഞു. വേദിയിലേക്ക് കയറുന്നവരെ ആകർഷിക്കാൻ കുട്ടികൾ ചാർട്ട് പേപ്പറുകളിൽ വരച്ച മനോഹരമായ ചിത്രങ്ങളും അതിൽ കളക്ടറമ്മ എന്ന് എഴുതിയതും വിഗ്നേശ്വരിയോടുള്ള കുട്ടികളുടെ നന്ദി പ്രകടനമായി മാറി. വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.