mla
മൂന്നാർ എ.ടി.പി സ്‌കൂളിലെ 1983- 84 ബാച്ച് റൂബി ജൂബിലി എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂന്നാർ: അടുത്തൂൺ പറ്റി കാൽനൂറ്റാണ്ടിന് ശേഷം ഒരിക്കൽ കൂടി അദ്ധ്യാപികയായതിന്റെ സന്തോഷത്തിൽ നാഗമ്മാൾ ടീച്ചർ. മൂന്നാർ ഗവ. എ.ടി.പി സ്‌കൂളിലെ 1983- 84 വർഷം ഒന്നാം ക്ലാസ് ബാച്ചിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് 40 വർഷം മുമ്പത്തെ ക്ലാസ് മുറി ഒരുക്കിയത്. 1999ൽ വിരമിച്ച ശേഷം ഇതാദ്യമായാണ് ടീച്ചർ ക്ലാസെടുത്തത്. അന്നത്തെ ഒന്നാം ക്ലാസ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യൂണിഫോം ധരിച്ച്, സ്ലേറ്റും പെൻസിലും അക്ഷരമാലയും തോൾ സഞ്ചിയുമായാണ് ക്ലാസിലെത്തിയത്. നാഗമ്മാൾ ടീച്ചറിന് പുറമെ, അന്നത്തെ അദ്ധ്യാപകരായ കെ. കാളിയപ്പൻ, എം. രാധാ ജയല്മി എന്നിവരും ചുരുങ്ങിയ സമയം ക്ലാസുകളെടുത്തു. തുടർന്ന് നടന്ന സമ്മേളനം അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജാക്വിലിൻ മേരി, ഗ്രാമപഞ്ചായത്ത് മെമ്പർ സി.കെ. നടരാജൻ, ജി.വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ഡോ. എസ്. ജയലഷ്മി, മൂന്നാർ എ.ഇ.ഒ സി. ശരവണൻ, ബി.ആർ.സി കോ- ഓർഡിനേറ്റർ ഹെപ്സി കൃസ്റ്റിനാൾ, എം.പി.ടി.എ പ്രസിഡന്റ് രേണുക എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ഷൺമുഖവേൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ എം. വിശ്വനാഥൻ സ്വാഗതവും റൂബി നന്ദിയും പറഞ്ഞു. വിരമിച്ച അദ്ധ്യാപകർ, അദ്ധ്യാപകർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ജൂബിലിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സര വിജയികൾക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.