തൊടുപുഴ: കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതോടെ തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് നടപടികൾ ആരംഭിച്ചു. കേന്ദ്രം അനുവദിച്ച 85 വിദ്യാലയങ്ങളിൽ കേരളത്തിലെ ഏക കേന്ദ്രീയ വിദ്യാലയമാണ് തൊടുപുഴ മ്രാലയിൽ പ്രവർത്തനമാരംഭിക്കുന്നത്. എട്ട് ഏക്കർ സ്ഥലവും ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ താത്കാലിക സംവിധാനത്തിലാവും പ്രവർത്തനം. ഇതിനായി തൊടുപുഴ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധിക ക്ളാസ് മുറികളും മറ്റ് താത്കാലിക സൗകര്യങ്ങളും ഒരുക്കും. മൂന്ന് അധിക ക്ലാസ് മുറികൾ, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ശുചിമുറികൾ, ക്ലാസ് മുറികളെ വേർതിരിക്കുന്ന താത്കാലിക സംവിധാനം എന്നിവയും സജ്ജീകരിക്കും. കേന്ദ്രീയ വിദ്യാലയ സംഘത്തിന്റെ മാനദണ്ഡ പ്രകാരം അഗ്നി സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടി വരും. മ്രാലയിലെ നിർദ്ദിഷ്ട സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കും. ഒരു ഡിവിഷനിൽ 32 സീറ്റുകളാണ് ഇവിടെ അനുവദിക്കുന്നത്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം 63 തസ്തികകൾ പുതിയതായി ആരംഭിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിൽ സർക്കാർ അനുവദിക്കും. 'പിഎം ശ്രീ" സ്‌കൂൾ എന്ന വിശേഷണത്തോടെയാണ് പുതിയ വിദ്യാലയങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്.

രണ്ട് വർഷത്തെ പരിശ്രമം വിജയത്തിലേക്ക്

2022 മുതലാണ് തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയത്തിനായി ശ്രമം തുടങ്ങിയത്. ചലഞ്ച് മെത്തേഡ് പോളിസിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം വിദ്യാലയം അനുവദിച്ചത്. പദ്ധതിക്കായി ആദ്യമേ തന്നെ സ്ഥലം കണ്ടെത്തി നൽകണമായിരുന്നു. പദ്ധതി അനുവദിച്ചു കഴിഞ്ഞാൽ താത്കാലിക സംവിധാനവും ഒരുക്കണം. ഇത്തരം നിബന്ധനകൾ പാലിച്ചാണ് പദ്ധതിക്ക് അനുമതി നേടിയെടുത്തത്. തൊടുപുഴ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ താത്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയും ലഭിച്ചു. കേന്ദ്രീയ വിദ്യാലയ സംഘത്തിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് താത്കാലിക സ്‌കൂൾ കെട്ടിടത്തിന് അനുമതി നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പി.ജെ. ജോസഫ് എം.എൽ.എ, മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ നൽകി. ജില്ലാ കളക്ടർമാരും മറ്റു റവന്യൂ ഉദ്യോഗസ്ഥരും പദ്ധതി യഥാർത്ഥ്യമാകുന്നതിനായി ഏറെ പരിശ്രമിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, കേന്ദ്രീയ വിദ്യാലയം സംഘടന കമ്മിഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ, കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ്, ഡയറക്ടറായിരുന്ന ജീവൻ ബാബു എന്നിവരും ഏറെ പരിശ്രമിച്ചു.

'വിദ്യാലയം അനുവദിക്കുന്നതിലൂടെ ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ കേന്ദ്രീയ വിദ്യാലയ സംഘത്തെ ബോദ്ധ്യപ്പെടുത്തിയതിന്റെ ഫലമാണിത്. എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ വിജയം. പൈനാവിന് പുറമെ രണ്ടാം കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യമാകുന്നതോടെ തൊടുപുഴയിലെ നിരവധി വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള പഠനത്തിനും അവസരം ലഭിക്കും"

-ഡീൻ കുര്യാക്കോസ് എം.പി