തൊടുപുഴ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ലാ സമ്മേളനം പത്തിന് വൈകിട്ട് നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷെറോൺ കൾച്ചറൽ സെന്ററിൽ നടക്കുന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എസ്. അജി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ 'ഹോട്ടൽ മാലിന്യമുക്ത നവ കേരള' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അസോസിയേഷൻ പുതുതായി രൂപീകരിക്കാൻ പോകുന്ന ജില്ലാ വനിത വിംഗ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിൻ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. ഹോട്ടൽ വ്യവസായത്തിലും മറ്റു മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. ഹോട്ടൽ എക്സ്‌പോ, വിവിധ സെമിനാറുകൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കൽ, മാലിന്യ മുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു, നഗരസഭ കൗൺസിലർ നിധി മനോജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജയൻ ജോസഫ്, കൺവീനർ പി.ജെ. ജോസ്, കെ.എച്ച്.ആർ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ജില്ലയിലെ വിവിധ യൂണിറ്റ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെല്ലാം സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് എം.എസ്. അജി, സെക്രട്ടറി പി.കെ. മോഹനൻ,യൂണിറ്റ് പ്രസിഡന്റ് ജയൻ ജോസഫ്, യൂണിറ്റ് സെക്രട്ടറി പ്രതീഷ് കുര്യാസ്, യൂണിറ്റ് ട്രഷറർ സുധീർ പി.എ എന്നിവർ പങ്കെടുത്തു.