മുട്ടം: കിണറ്റിൽ കുടുങ്ങിയ പേർഷ്യൻ പൂച്ചയ്ക്ക് രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാസേന. വെള്ളിയാഴ്ച രാത്രി എട്ടേകാലിനായിരുന്നു സംഭവം. മുട്ടം ശങ്കരപ്പിള്ളി മേട്ടുപുറത്ത് ബിജുമോന്റെ പേർഷ്യൻ പൂച്ചയാണ് അദ്ദേഹത്തിന്റെ വീട്ടിലെ കിണറ്റിൽ വീണത്. 35 അടി താഴ്ചയുള്ള കിണറിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് പൂച്ചയെ പുറത്തെത്തിക്കാൻ ഏറെ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ചെയ്തു. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന അംഗങ്ങളെത്തി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പൂച്ചയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, അനിൽ നാരായണൻ, അഖിൽ എസ്. പിള്ള എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.