പീരുമേട്: കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് മുസ്ലീംപള്ളിക്ക് സമീപം റോഡിലെ വളവ് വാഹന യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. ഏതാനും മാസത്തിനുള്ളിൽ ഇവിടെ നിരവധി അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ ദിവസം വിദേശ വിനോദസഞ്ചാരി ഇവിടെ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റിരുന്നു. വലിയ രണ്ട് വളവുകളാണ് ഈ ഭാഗത്തുള്ളത്. ഈ വളവുകൾക്ക് വീതി കുറവുണ്ട്. കൂടാതെ റോഡിനിരുവശവും കാട്ടുവള്ളികളും മരകൊമ്പുകളും റോഡിലേക്ക് ഇറങ്ങി വളർന്ന് കിടക്കുന്നുണ്ട്. ഈ കാടുകൾ കാരണം എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും ഡ്രൈവർമാർക്ക് കാണാൻ സാധിക്കാറില്ല. മാത്രമല്ല വളവ് വീശി എടുക്കുമ്പോഴാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഒരു കാറും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു പിക്ക് അപ്പ് വാഹനം അപകടത്തിൽപ്പെട്ടു. ഈ വളവിനോട് ചേർന്ന് ഭാഗത്ത് റോഡിൽ ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴിയിൽ വീണാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകുന്നത്. പ്രധാന പാതയായതിനാൽ നിരവധി വാഹനങ്ങളാണ് രാത്രിയിലും പകലുമായി കടന്നുവരുന്നത്. വിനോദസഞ്ചാരികളുടെയും അയ്യപ്പഭക്തരുടെയും വാഹനങ്ങൾ ഇപ്പോൾ കൂടുതലാണ്. ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ റോഡിന്റെ വളവിൽ അപകടസൂചന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും റോഡിലെ വളവുകളിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന വള്ളി പടർപ്പുകൾ വെട്ടി മാറ്റി വാഹന യാത്രക്കാർക്ക് സുഗമമായ യാത്രയ്ക്ക് അവസരം ഒരുക്കണമെന്നും ആവശ്യം ശക്തമാണ്.