മറയൂർ: കാന്തല്ലൂർ കീഴാന്തൂരിൽ കനാൽ പുതുക്കിപണിയുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. കീഴാന്തൂർ തലക്കോട്ടുശാലിൽ വീട്ടിൽ എ. ബാബു (58), കാന്തല്ലൂർ ഗ്രാമം സ്വദേശി എസ്. രവിചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.45 നായിരുന്നു അപകടം നടന്നത്. തകർന്ന കനാൽ പുതുക്കി പണിയുന്നതിനായി മുകൾവശത്തെ മണ്ണുമാറ്റുന്നതിനിടയിലായിരുന്നു അപകടം. കഴുത്തറ്റം വരെ മണ്ണ് മൂടിയ നിലയിലായിരുന്ന ഇവരെ മറയൂർ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കീഴാന്തൂർ സ്വദേശികളായ പി. കണ്ണദാസൻ (40), മണി മേഖല (27) എന്നിവരും മണ്ണ് മാറ്റിയിടാൻ ഉണ്ടായിരുന്നു. മണ്ണ് മാറ്റിയിടുന്ന സമയം ബാബുവിന്റെും രവിചന്ദ്രന്റെയും ദേഹത്തേക്ക് മണ്ണ് വീഴുകയായിരുന്നു. കണ്ണദാസനും മണിമേഖലയും അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിടിച്ചിൽ തുടരവെ ഇവരുടെ അലർച്ച കേട്ട് സമീപത്തെ വഴിയോര കച്ചവട സ്ഥാപനത്തിലെ സ്ത്രീ ഉടനടി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. മറയൂർ ഇൻസ്‌പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ ഇരുവരെയും പുറത്തെടുത്തു. തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെയും പരിക്ക് ഗുരുതരമല്ല. ഒരാഴ്ചക്കുള്ളിൽ രണ്ട് തവണ മറയൂരിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർക്കാണ് പരിക്കേറ്റത്.