കട്ടപ്പന: ഉപ്പുതറയിലും വണ്ടന്മേടും നടന്ന ഏലയ്ക്ക മോഷണങ്ങളിലായി അഞ്ച് പേർ പിടിയിൽ. ഉപ്പുതറയിൽ ഏലയ്ക്ക മോഷ്ടിച്ച മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചീന്തലാർ മൂന്നാം ഡിവിഷൻ കമ്പിലയത്തിൽ കണ്ണക്കൻ എം. റെജി (54), ആനപ്പള്ളം പുത്തൻപറമ്പിൽ പി.ആർ. സന്തോഷ് (27), മൂന്നാം ഡിവിഷൻ മൂന്നുമുറി ലയത്തിൽ പ്ലാമൂട്ടിൽ ജിനു വർഗീസ് (35) എന്നിവരാണ് അറസ്റ്റിലായത്. മേരികുളം, നിരപ്പേൽക്കട പുല്ലാട്ട് റജിയുടെ ചീന്തലാർ ലൂസിഫർ പള്ളിക്ക് സമീപം മൂന്നാം ഡിവിഷൻ പതാൽ കാട്ടിലെ പാട്ടഭൂമിയിൽ നിന്നാണ് ഇവർ 25 കിലോ പച്ച ഏലയ്ക്ക മോഷ്ടിച്ചത്. ശരം ഉൾപ്പെടെ മുറിച്ചെടുക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മോഷ്ടക്കളിൽ ഒരാളുടെ വീട്ടിലിരുന്ന് ശരത്തിൽ നിന്ന് ഏലയ്ക്ക അടർത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. പുറത്ത് നിന്ന് താഴിട്ടു പൂട്ടിയ നിലയിലായിരുന്നു വീട്. ഏലയ്ക്ക മോഷണം പോയ വിവരം ഇതിനോടകം നാട്ടുകാർ അറിഞ്ഞിരുന്നു. പുറത്ത് നിന്ന് പൂട്ടിയിരുന്ന വീടിനുള്ളിൽ ആളനക്കം ഉണ്ടെന്നു സമീപവാസിയായ പഞ്ചായത്തംഗം എം.എൻ. സന്തോഷ്, ഹോംഗാർഡ് തൊണ്ടിപ്പറമ്പിൽ മോനിച്ചൻ എന്നിവർക്ക് മനസിലായി. ഏറെ നേരം ശ്രദ്ധിച്ചതോടെ സംശയം ബലപ്പെട്ടു. തുടർന്ന് വിവരം ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ 25 കിലോ ഏലയ്ക്ക കണ്ടെടുത്ത് മൂവരെയും അറസ്റ്റു ചെയ്തു. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.

വണ്ടൻമേട് പച്ച ഏലക്ക മോഷ്ടിച്ച രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ് (22), നായരുസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു (23) എന്നിവരാണ് പിടിയിലായത്. 50 കിലോയോളം പച്ച ഏലയ്ക്കയും കണ്ടെടുത്തു. വെള്ളിയാഴ്ച പകൽ പുറ്റടി അമ്പലമേട് ഭാഗത്താണ് ഏലത്തോട്ടത്തിൽ പ്രതികൾ മോഷണം നടത്തിയത്. മോഷണം നടന്ന ഉടനെ വിവരം അറിഞ്ഞ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസിന് കൈമാറി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ കുറെ നാളുകളായി ഹൈറേഞ്ചിലെ പല ഏലത്തോട്ടങ്ങളിലും പച്ച ഏലക്ക മോഷണം പതിവായി മാറിയിരുന്നു. ചില കേസുകളിൽ മോഷ്ടാക്കൾ പിടിയിലായിട്ടുണ്ടെങ്കിലും തോട്ടങ്ങളിൽ ഏലത്തിന്റെ ശരമടക്കം ചെത്തി കടത്തുന്നത് പതിവായതോടെ കർഷകർക്കിടയിൽ വലിയ ആശങ്കയുമുണ്ടായി.