farmer-couples
തമ്പി ദാസും ലക്ഷമി കാന്തിയും

പീരുമേട്: ഗ്ലെൻ മേരി പുതുവലിൽ തമ്പിദാസും ലക്ഷ്മികാന്തിയും 76നെ ചെറുപ്പമാക്കുന്നത് ജൈവകൃഷിയിലൂടെയാണ്. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ ജൈവകൃഷിയിലൂടെ വരുമാനം ഉണ്ടാക്കി ജീവിക്കുന്ന ദമ്പതികളെ തേടി പുരസ്കാരങ്ങളും പടികടന്ന് എത്തിയെങ്കിലും ഇവർക്ക് ലഹരി കൃഷിയാണ്. പീരുമേട് പഞ്ചായത്തിന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും ആത്മയുടെയും മികച്ച ജൈവ കർഷകനുള്ള പുരസ്‌കാരം നേടിയ തമ്പി ദാസും ഭാര്യ ലക്ഷമികാന്തിയും ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്നുറച്ച് മണ്ണിനെ പൊന്നാക്കി കനകം വിളയിക്കുകയാണ്. പറമ്പിൽ രാസവളം കയറ്റുകയില്ല എന്ന ഉറച്ച നിലപാടിൽ ഇവർ ജൈവ കൃഷിയിലൂടെ മാത്രം പച്ചക്കറിയും ഏലവും കൃഷി ചെയ്ത് വിളവെടുക്കുന്നു. തങ്ങൾ നല്ല ഭക്ഷണം കഴിക്കുന്നതോടെപ്പം മറ്റുള്ളവരും രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത ശുദ്ധമായ പച്ചക്കറികൾ കഴിക്കട്ടെ എന്നാണ് ഈ ദമ്പതികളുടെ നിലപാട്. ഇവർ ഉത്പാദിപ്പിച്ചെടുക്കുന്ന ബീൻസ്, അച്ചിങ്ങ, കത്രിക്ക, കോവൽ, പച്ചമുളക്, തക്കാളി, ചുവപ്പ് ചീര, പച്ച നിറത്തിലുള്ള പലതരം ചീരകൾ, ബ്രോക്കാളി, പച്ച മുളക് എന്നിവയ്ക്ക് പൊതുവിടങ്ങളിലും പത്തരമാറ്റ് പകിട്ടാണ്. ഇവരുടെ കൃഷികേട്ടറിഞ്ഞ് വീട്ടിലെത്തി പച്ചക്കറി വാങ്ങുന്നവരും അനവധിയാണ്. പാമ്പനാർ മാർക്കറ്റിലും തമ്പിദാസിന്റെ ജൈവ ഉത്പന്നങ്ങൾക്ക് വൻ ഡിമാന്റാണുള്ളത്. പച്ചക്കറികൾക്ക് പുറമേ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നുണ്ട്. ഇഞ്ചിയുടെ വിളവെടുപ്പ് കഴിഞ്ഞതിനു ശേഷമാണ് മഞ്ഞൾ കൃഷി ചെയ്യുന്നത്. മഴക്കാലമാകുമ്പോഴേക്കും മഞ്ഞൾ പറിച്ചെടുക്കും,​ ശേഷം അവിടെ പച്ചക്കറി കൃഷി ചെയ്യും. ഇവരുടെ കൃഷിക്ക് പിന്തുണ പകർന്ന് മക്കളായ മാരിമുത്തുവും പേച്ചിയമ്മാളും ഉണ്ട്. ഇവർ തമിഴ്നാട്ടിലാണ്.

ഒരേക്കർ നിറഞ്ഞ് കൃഷി

തമ്പി ദാസിനാകെയുള്ളത് 1.36 ഏക്കർ സ്ഥലമാണ്. ഇതിൽ പച്ചക്കറി കൃഷിക്ക് പുറമെ ഏലവും തേയിലയും കൃഷി ചെയ്തിട്ടുണ്ട്. ഏലത്തിനും രാസവളം ഉപയോഗിക്കുന്നില്ല. പകരം വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും പച്ചില വളങ്ങളും ഉപയോഗിക്കും. എസ്റ്റേറ്റ് തൊഴിലാളിയായ തമ്പി ദാസ് 2006ൽ എസ്റ്റേറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം കിട്ടിയ പണവും മരുമകൻ നൽകിയ പണവും ചേർത്ത് എസ്റ്റേറ്റിന് സമീപത്തുള്ള 1.36 ഏക്കർ സ്ഥലം ഇവർ വിലയ്ക്ക് വാങ്ങി. കാട് വെട്ടി തെളിച്ച് കൃഷി ആരംഭിച്ചു. അന്ന് മുതൽ ഇന്ന് വരെ തമ്പി ദാസും ഭാര്യ ലക്ഷ്മി കാന്തിയും വിശ്രമമില്ലാതെ മണ്ണിൽ അദ്ധ്വാനിക്കുന്നു.

'ഭാവിതലമുറക്ക് രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാത്ത ശുദ്ധമായ ഭക്ഷണം കഴിക്കാൻ കഴിയട്ടെ. ലാഭം കുറഞ്ഞാലും മനസ്സിന് സംതൃപ്തി നൽകുന്നതാകണം കൃഷി. കൃഷിയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്'

-(തമ്പി ദാസ്, ലക്ഷ്മികാന്തി)