തൊടുപുഴ: നഗരമദ്ധ്യത്തിലെ റോഡരികിൽ മാലിന്യം തള്ളിയെന്ന് പരാതി. ശനിയാഴ്ച വൈകിട്ട് 4.45ന് കാഞ്ഞിരംപാറ- ഇറക്കുംപുഴ റോഡിന് സമീപത്താണ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. 32-ാം വാർഡായ അമരംകാവിന്റെ അതിർത്തിയിലാണ് സംഭവം. തൊടുപുഴ വിമല സ്കൂളിന് സമീപത്ത് ഐറിഷ് ഓട നിർമ്മിക്കുന്നതിനായി കുഴിയെടുത്തപ്പോൾ മണ്ണും പ്ലാസ്റ്റിക്കുമടക്കമുള്ള മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ലോറിയിൽ നിന്ന് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാർഡ് കൗൺസിലറായ കവിത വേണുവിനെ വിവരമറിയിച്ചു. ഉടൻ തന്നെ നഗരസഭാ ആരോഗ്യ വിഭാഗത്തിനെയും വിവരമറിച്ചു. ഇവർ പ്രദേശത്ത് രാത്രി വരെ തിരഞ്ഞെങ്കിലും മാലിന്യം തള്ളിയവരെ കണ്ടെത്താനായില്ല. എന്നാൽ ഇന്നലെ രാവിലെ വീണ്ടും ലോറിയിൽ ഇവിടെ മാലിന്യം തള്ളാനെത്തിയപ്പോൾ കൗൺസിലറുടെ നേതൃത്വത്തിൽ ഇവരെ തടയുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചതെന്നാണ് കോൺട്രാക്ടർ പറഞ്ഞതെന്നും കൗൺസിലർ പറഞ്ഞു. പ്ലാസ്റ്റിക്കും തെർമോക്കോളും ഉൾപ്പെടെ ടൺ കണക്കിന് മാലിന്യമാണ് ഒന്നിലധികം തവണയായി ഇവിടെ നിക്ഷേപിച്ചത്. മാലിന്യം നീക്കി ഡംബിംഗ് യാർഡിൽ നിക്ഷേപിക്കാമെന്ന് കോൺട്രാക്ടർ പറഞ്ഞതോടെയാണ് ഇവർ പിരിഞ്ഞുപോയത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകുമെന്ന് കൗൺസിലർ പറഞ്ഞു.